Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

🔳കേരളത്തില്‍ വൈദ്യുതി ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കും. ഫിക്സഡ് ചാര്‍ജും കൂട്ടും. വീടുകള്‍ക്ക് 19.8 ശതമാനമാണ് ഫികസ്ഡ് ചാര്‍ജ് വര്‍ധിപ്പിക്കുക. ചെറുകിട വ്യവസായങ്ങള്‍ക്ക് 21 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്കു 13 ശതമാനവും വര്‍ധിപ്പിക്കും. ഏപ്രില്‍ മാസത്തോടെ നിരക്കു വര്‍ധന പ്രാബല്യത്തിലാകും.

🔳കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകാം. കേരളത്തിലെ കെ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിക്കുമോയെന്നും ഇന്നറിയാം.

🔳ബഹിരാകാശ മേഖല കൂടി സ്വകാര്യ കമ്പനികള്‍ക്കു തുറന്നുകൊടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍. ഐടി, ബിപിഒ മേഖലയില്‍ സ്വകാര്യവത്കരണം സാധ്യമാക്കുന്നതിന് ടെലികോം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും. ഈ വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടാകുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പ്രസ്താവിച്ച നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ യാണ് നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

🔳ലോകായുക്തിയ്ക്കെതിരെ കെ.ടി ജലീല്‍ എംഎല്‍എ വീണ്ടും രംഗത്ത്. ലോകായുക്തയായി നിയമിക്കാന്‍ യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും എത്ര നിര്‍ബന്ധിച്ചിട്ടും ഒരു മാന്യന്‍ പദവി ഏറ്റെടുത്തില്ല. അതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

🔳ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് സിപിഎം മുന്‍മന്ത്രി കെ.ടി ജലീലിനെ ഇറക്കി വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലാണ്. ഐസ്‌ക്രീം കേസിലെ ഹൈക്കോടതി വിധി 2005 ജനുവരിയിലായിരുന്നു. അനുകൂല കോടതിവിധിക്കു പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം കള്ളമാണെന്ന് ഇതില്‍നിന്നു വ്യക്തമെന്നും ഉമ്മന്‍ ചാണ്ടി.

🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാത്തത്. തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞെങ്കിലും സി കാറ്റഗറിയില്‍ തന്നെ തുടരും. കൊവിഡ് ബാധിതരായ ഗുരുതര രോഗമുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

🔳കെ റെയില്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സാമ്പത്തിക-സാങ്കേതിക പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും വ്യക്തത വേണം. ഡിപിആര്‍ എന്ന പേരില്‍ വിശദ പദ്ധതിരേഖ പ്രസിദ്ധീകരിച്ചെങ്കിലും അതില്‍ ഇക്കാര്യങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വെ മന്ത്രി റാവോ സാഹിബ് ധന്‍വെ രേഖാമൂലം തന്ന മറുപടിയിലാണ് ഇക്കാര്യമുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പ്രസ്താവിക്കും. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റു തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും പ്രധാന തെളിവായ ഫോണിനുവേണ്ടി കോടതിയില്‍ ഇരക്കേണ്ട അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍. വീട്ടിലെ എല്ലാവരേയും പ്രതിയാക്കിയിരിക്കുകയാണെന്ന് ദിലീപും വാദിച്ചു.

🔳കൈക്കൂലി വിവാദത്തില്‍ എംജി യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറേയും സ്ഥലംമാറ്റി. സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു; അറസ്റ്റിലായ എല്‍സിയുടെ നിയമനത്തില്‍ വീഴ്ചയില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

🔳ജനുവരി ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 19,347 പേര്‍ പരീക്ഷ എഴുതിയതില്‍ 3,928 പേരാണു വിജയിച്ചത്.

🔳ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയിലെ നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

🔳മലപ്പുറം നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. ബിജെപി അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഭരണം നിലനിര്‍ത്താന്‍ സിപിഎം ബിജെപിയുടെ സഹായം തേടിയെന്ന് യുഡിഎഫ് ആരോപിച്ചു. പതിനേഴംഗ ഭരണസമിതിയില്‍ ഇടതു മുന്നണിക്കും യുഡിഎഫിനും എട്ട് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്. നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഇടതുമുന്നണി നേടി. ഇടതു മുന്നണിയിലെ ഒരംഗത്തിന്റെ വിജയം കോടതി റദ്ദാക്കിയതോടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

🔳മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കേരള ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അടുത്ത രണ്ടു ദിവസത്തേക്കാണു സ്റ്റേ. ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

🔳മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രനിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള നീക്കമാണിത്. ഓരോ മാധ്യമത്തെയും വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

🔳കോഴിക്കോട് വെള്ളയില്‍ കോര്‍പറേഷന്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

🔳ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മകന്റെയും പേരക്കുട്ടിയുടെയും മുന്നില്‍വച്ച് വീട്ടമ്മ മരിച്ചു. ദേശീയപാതയില്‍ ഒറ്റപ്പുന്നയിലുണ്ടായ അപകടത്തില്‍ പട്ടണക്കാട് സ്വദേശി മേരി ആന്റണി (54) ആണ് മരിച്ചത്. മകന്‍ റോബര്‍ട്ടിനോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ലോറിയിടിക്കുകയായിരുന്നു. ആറു വയസുള്ള പേരക്കുട്ടി റയാനും ബൈക്കിലുണ്ടായിരുന്നു.

🔳മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം കുറിച്ചി നീലംപേരൂരിലായിരുന്നു അപകടം. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

🔳കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശ്ശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം നല്‍കി. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലര്‍ക്കായാണ് ജോലി നല്‍കിയത്. സൈനികക്ഷേമ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നു റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.

🔳കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറി. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് സദാശിവന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കിയത്. കുറിപ്പ് താന്‍ വീട്ടിലെത്തിയ ഒരു പൊലീസുകാരന് കൈമാറിയെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. നേരത്തെ ഇക്കാര്യം പിള്ള പറഞ്ഞിരുന്നില്ല.

🔳പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ ജയില്‍മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളി. കാക്കനാട് ജയിലില്‍ കഴിയുന്ന പി രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരുന്നത്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

🔳കൊച്ചി തുറമുഖം സന്ദര്‍ശിക്കുന്ന ക്രൂയിസ് കപ്പലുകള്‍ക്ക് തീരം അടിസ്ഥാനമാക്കി വൈദ്യുതി വിതരണം ചെയ്യുമെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ.് രണ്ടു വര്‍ഷത്തിനുള്ളില്‍ റൂഫ് ടോപ്പ് സൗരോര്‍ജ്ജ പ്ലാന്റുകള്‍ അധികമായി സ്ഥാപിക്കും. ഗ്രിഡ് ബന്ധിപ്പിച്ച ഫ്ളോട്ടിംഗ് സൗര പാനലും സ്ഥാപിക്കും. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഹരിത സംരംഭങ്ങള്‍ കേന്ദ്രമന്ത്രി മന്ത്രി സര്‍ബനാന്ദ സോനോവാള്‍ അവലോകനം ചെയ്തു. പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന അടക്കമുള്ളവര്‍ പങ്കെടുത്തു.

🔳അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആയിരം പേര്‍ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നടത്താം. ഹാളിനുള്ളിലെ യോഗങ്ങളില്‍ അഞ്ഞൂറു പേര്‍ക്കു പങ്കെടുക്കാം. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ 20 പേര്‍ വരെ ആകാം. റോഡ് ഷോകള്‍ക്കും സൈക്കിള്‍ റാലികള്‍ക്കും ഉള്ള നിരോധനം തുടരും.

🔳തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് പ്രിയങ്ക ഗാന്ധി. രണ്ടു വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശിലുള്ള തനിക്ക് അവിടുത്തെ യാഥാര്‍ഥ്യമെന്താണെന്ന് അറിയാം. കോണ്‍ഗ്രസ് മാത്രമാണ് ജനങ്ങളുടെ സ്ഥിതി മനസിലാക്കിയത്. കോണ്‍ഗ്രസ് കഠിനാധ്വാനം നടത്തുകയാണെന്നും ഉത്തര്‍പ്രദേശില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

🔳പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു. ഗവര്‍ണര്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.

🔳എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കകം മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് കൈമാറുന്നു. ഒഡീഷയിലെ സ്റ്റീല്‍ കമ്പനിയായ നീലചല്‍ ഇസ്പത് നിഗം ലിമിറ്റഡിനെയാണ് ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട്സ് ലിമിറ്റഡിനു വില്‍ക്കുന്നത്. ടെണ്ടറില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 12,100 കോടി രൂപ വാഗ്ദാനം ചെയ്ത ടാറ്റ കമ്പനിക്കു വില്‍ക്കാനാണു തീരുമാനം.

🔳റിക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്കുള്ള പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ധിപ്പിച്ചു. ഒന്നു മുതല്‍ മൂന്നുവരെ വര്‍ഷത്തെ നിക്ഷേപത്തിന് 5.1 ശതമാനവും മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തെ നിക്ഷേപത്തിന് 5.3 ശതമാനവും അഞ്ചു മുതല്‍ പത്തുവരെ വര്‍ഷത്തെ നിക്ഷേപത്തിന് 5.4 ശതമാനവുമാണു പലിശ. നെറ്റ് ബാങ്കിംഗ് വഴിയും റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ ചേരാനാകും.

🔳ഉക്രൈന്‍ അതിര്‍ത്തിപ്രദേശത്തെ യുദ്ധഭീതിക്കു കാരണം നാറ്റോയുടെ ഇടപെടലാണെന്ന് റഷ്യ. അതിര്‍ത്തിയില്‍ ലക്ഷത്തിലേറെ സൈനീകരെയും കവചിത വാഹനങ്ങളെയും വിന്യസിപ്പിച്ച റഷ്യ ഏതു നിമിഷവും ആക്രമിച്ചേക്കാമെന്ന ഭീതിയിലാണ് ഉക്രൈന്‍.

🔳കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വിരുന്നു നല്‍കിയതിന് മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നു ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ ക്ഷമ പറഞ്ഞത്.

🔳താമസരേഖ, തൊഴില്‍ നിയമ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ ഒരാഴ്ചക്കിടെ 13,620 പേര്‍ പിടിയിലായി. ഇവരില്‍ 55 ശതമാനം യെമന്‍ പൗരന്മാരും 42 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 139 പേര്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി.

🔳അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ശ്രീജേഷ് വിജയിയായത്. ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇതിനുമുന്‍പ് 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാല്‍ ഈ പുരസ്‌കാരം നേടിയിരുന്നു.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ഹൈദരാബാദ് എഫ്.സി. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഹൈദരാബാദ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഇരട്ട ഗോള്‍ നേടിയ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിന്റെ വിജയത്തിന് നേതൃത്വം നല്‍കിയത്.

🔳കേരളത്തില്‍ ഇന്നലെ 99,410 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 42.40. സംസ്ഥാനത്ത് ഇന്നലെ 10 മരണം. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844.

🔳രാജ്യത്ത് ഇന്നലെ 1,61,538 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 15,140, കര്‍ണാടക- 24,172, തമിഴ്‌നാട്- 19,280, ഡല്‍ഹി- 2,779.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒന്നര ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 75,255, ഫ്രാന്‍സ്- 82,657, റഷ്യ- 1,24,070, ഇറ്റലി- 57,715, ജര്‍മനി-1,19,696. ഇതോടെ ആഗോളതലത്തില്‍ 37.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.29 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6145 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 437, റഷ്യ- 621, ഇറ്റലി – 349. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.88 ലക്ഷമായി.

🔳രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 39.76 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 31.50 കോടിരൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം 129.58 കോടി രൂപയായി വര്‍ധിച്ചു. 24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 104.61 കോടി രൂപയായിരുന്നു മൊത്തംവരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പതുമാസം 118.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 89.3 കോടി രൂപയായിരുന്നു കമ്പനി നേടിയ അറ്റാദായം.

🔳ഐപിഒക്കൊരുങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാനങ്ങളിലൊന്നായ എല്‍ഐസിയുടെ ചെയര്‍മാന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. എല്‍ഐസിയുടെ ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിന് ബുദ്ധിമുട്ടുകളുണ്ടാവാതിരിക്കാന്‍ ചെയര്‍മാന്റെ കാലാവധി ഒരു വര്‍ഷം നീട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ എം.ആര്‍ കുമാര്‍ ഒരു വര്‍ഷം കൂടി എല്‍ഐസിയുടെ തലപ്പത്ത് തുടരും. മാനേജിങ് ഡയറക്ടര്‍മാരിലൊരാളായ രാജ് കുമാറിന്റെ കാലാവധിയും ഒരു വര്‍ഷം നീട്ടി നല്‍കിയിട്ടുണ്ട്. 2023 മാര്‍ച്ച് വരെ എം.ആര്‍ കുമാര്‍ എല്‍ഐസി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳മിന്നല്‍ മുരളി’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കുഗ്രാമമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനൊ തോമസിന്റെ ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ മുതല്‍ മിന്നലേല്‍ക്കുന്നതുവരെയുള്ള രംഗങ്ങളാണ് ഗാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. സുശിന്‍ ശ്യാമാണ് ചിത്രത്തിന്റ സംഗീത സംവിധായകന്‍. മനു മഞ്ജിത് ഗാനരചന നിര്‍വിച്ചിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്.

🔳തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവില്‍ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. തെന്നിന്ത്യക്ക് പുറമെ ബോളിവുഡും കീഴടക്കിയിരിക്കുകയാണ് ഈ അല്ലു അര്‍ജുന്‍ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

🔳ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ ഇഗ്നിട്രോണ്‍ മോട്ടോകോര്‍പ് പുതിയ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് ജിടി 120 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഡിസൈനും കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 4.68 കെഡബ്ല്യുഎച്ച് ബാറ്ററി കരുത്തേകുന്ന ബൈക്കിന് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. 180 കിലോമീറ്ററാണ് കമ്പനി റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് റൈഡിംഗ് മോഡുകളും ലഭ്യമാക്കുന്നു.

🔳ഒരു സ്ത്രീയുടെ ദാമ്പത്യാനുഭവങ്ങളിലൂടെ കേരളീയ ക്രൈസ്തവരുടെ നാലു തലമുറകളുടെ വൈയക്തികവും കുടുംബപരവും മതപരവും സാമൂഹികവും കാര്‍ഷികവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പുകളും അവയ്ക്ക് അനുസൃതമായി മാറിമറിഞ്ഞ വിദ്യാഭ്യാസം, സ്ത്രീപദവി, ഗതാഗതം, വസ്ത്രധാരണം, ഭക്ഷണശീലം, ക്രയവിക്രയം തുടങ്ങിയ സാമൂഹിക സൂചികകളും അവയാല്‍ നിര്‍ണയിക്കപ്പെടുന്ന മനുഷ്യാവസ്ഥകളും സിബിച്ചന്‍ കെ മാത്യു അയത്‌നലളിതമായി ആലേഖനം ചെയ്യുന്നു.’സ്‌നേഹക്കൂട്’. ഡിസി ബുക്സ്. വില 243 രൂപ.

🔳കൊവിഡിന് ശേഷം ശ്വാസതടസം നേരിടുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. ‘ഓക്‌സ്ഫര്‍ഡ്’, ‘ഷെഫീല്‍ഡ്’, ‘കാര്‍ഡിഫ്’, ‘മാഞ്ചസ്റ്റര്‍’ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. ശ്വാസതടസം നേരിടുന്ന കൊവിഡ് ഭേദമായ ആളുകളില്‍ ശ്വാസകോശത്തിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയേക്കാമെന്നാണ് പഠനം പറയുന്നത്. സാധാരണഗതിയില്‍ നാം നടത്തുന്ന സിടി സ്‌കാനിലോ മറ്റോ ഈ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയില്ലെന്നതാണ് ഏറ്റവും വലിയ സങ്കീര്‍ണതയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഹൈപ്പര്‍ പോളാറൈസ്ഡ് ക്‌സെനോണ്‍ എംആര്‍ഐ സ്‌കാന്‍’ ഉപയോഗിച്ചാണ് തങ്ങള്‍ ഇത് കണ്ടെത്തിയതെന്നും ഗവേഷകര്‍ പറയുന്നു. ലോംഗ് കൊവിഡ് നേരിടുകയും തുടര്‍ന്ന് സിടി സ്‌കാന്‍ എടുത്തപ്പോള്‍ ‘നോര്‍മല്‍’ ആയി കാണിക്കുകയും ചെയ്തവര്‍, കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ഡിസ്ചാര്‍ജ് ചെയ്ത് മൂന്ന് മാസമെങ്കിലും ആയവര്‍ (ഇവരുടെയും സിടി സ്‌കാന്‍ ‘നോര്‍മല്‍’ അല്ലെങ്കില്‍ വലിയ പ്രശ്‌നം കാണിക്കാത്തതായിരുന്നു), കൊവിഡ് വന്നപ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടാതിരിക്കുകയും കൊവിഡിന് ശേഷം ലോംഗ് കൊവിഡ് ലക്ഷണങ്ങളും കാണിക്കാതിരിക്കുകയും ചെയ്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ കുറിച്ച് പഠനം വിശദമായി പറയുന്നു. പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ ഈ മൂന്ന് വിഭാഗങ്ങളും ഉണ്ടായിരുന്നുവത്രേ. അതായത്, ഇത്തരത്തിലുള്ള ആളുകളിലെല്ലാം ഉള്ളില്‍ കൊവിഡ്, ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം എന്ന നിഗമനമാണ് പഠനം പങ്കുവയ്ക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഹരിയാനയിലെ ഹിസാര്‍ എന്ന ചെറിയ പട്ടണത്തിലാണ് പ്രാന്‍ഷല്‍ യാദവ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം അയാള്‍ ഹോണ്ടയില്‍ ജോലി നേടി. ജോലിയുടെ ഭാഗമായി യാദവിന് ധാരാളം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അങ്ങിനെയാണ് ബംഗളൂരുവില്‍ എത്തിപ്പെട്ടത്. ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശീതളപാനീയങ്ങള്‍ക്കും ഡെസേര്‍ട്ടുകള്‍ക്കും നല്ല ഡിമാന്റുണ്ടെന്ന് ആ യാത്രകളിലാണ് അദ്ദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ പല വന്‍കിട കമ്പനികളും വിവിധ ഉത്പന്നങ്ങള്‍ ഇറക്കുന്നുണ്ടെങ്കിലും ഫ്രോസണ്‍ ഡെസേര്‍ട്ടുകളില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് യാദവ് കണ്ടെത്തി. തന്റെ ഒരു സുഹൃത്തുമായി ചേര്‍ന്ന് 50,00 രൂപ വീതം നിക്ഷേപം നടത്തി 2017 ല്‍ ബെംഗളൂരുവിലെ കോറമംഗളയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുടങ്ങി. ശിതീകരിച്ച ചില്ലുകുപ്പികളിലെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ കയ്യും നീട്ടി സ്വീകരിച്ചതോടെ ആദ്യ സ്റ്റോര്‍ തന്നെ വിജയമായി മാറി. ഇപ്പോള്‍ ഇന്ത്യയിലുടനീളം 107 ഒട്ട്‌ലെറ്റുകളും 640 ലധികം ജീവനക്കാരുമായി ഫ്രോസണ്‍ ബോട്ടില്‍ മുന്നോട്ട് കുതിക്കുകയാണ്. ഒരു ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ ഫ്രോസണ്‍ ബോട്ടിലിന്റെ ഇപ്പോഴത്തെ വിറ്റുവരവ് ഏകദേശം 40 കോടിരൂപയാണ്. എന്ത് ചെയ്യുന്നു എന്നതില്ല, അത് എവിടെ, എപ്പോള്‍ എങ്ങിനെ ചെയ്യുന്നു എന്നതിലാണ് വിജയമന്ത്രം ഒളിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *