വിൻഡീസ് തോൽവിയിലേക്ക്, ആറ് വിക്കറ്റുകൾ വീണു; ചരിത്ര നേട്ടം കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് തോൽവിയിലേക്ക്. വിജയലക്ഷ്യമായ 312 റൺസിലേക്ക് ബാറ്റേന്തുന്ന വിൻഡീസിന്റെ ആറ് വിക്കറ്റുകൾ 87 റൺസിനിടെ നഷ്ടപ്പെട്ടു. അവസാന ദിനമായ ഇന്ന് വെസ്റ്റ് ഇൻഡീസിന് ടെസ്റ്റ് സമനിലയിൽ ആക്കണമെങ്കിൽ അത്ഭുതമെന്തെങ്കിലും സംഭവിക്കണം.
നാലാം ദിനം മഴ കൊണ്ടുപോയതോടെ ആശ്വസിച്ചെങ്കിലും അവസാന ദിനമായ ഇന്ന് ഇംഗ്ലീഷ് ബൗളർമാർ ആക്രമണം നേരിടാനാകാതെ വിൻഡീസ് തകർന്നടിയുകയായിരുന്നു. 87ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് വിൻഡീസ് ഇപ്പോൾ. ബ്ലാക്ക് വുഡും നായകൻ ജേസൺ ഹോൾഡറുമാണ് ക്രീസിൽ
ബ്രാത്ത് വെയിറ്റ് 19 റൺസിനും ഷായി ഹോപ് 31 റൺസിനും ബ്രൂക്‌സ് 22 റൺസിനും വീണു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റെടുത്ത വോക്‌സുമാണ് വിൻഡീസ് മുൻനിരയെ തകർത്തത്.
ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 369 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. വിൻഡീസ് ഒന്നാമിന്നിംഗ്‌സിൽ 197 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ 226ന് 6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 312 റൺസിന്റെ വിജയലക്ഷ്യം കുറിച്ചു
അതിനിടെ സ്റ്റുവർട്ട് ബ്രോഡ് ചരിത്ര നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന നേട്ടമാണ് ബ്രോഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി 500 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. ആൻഡേഴ്‌സണാണ് പട്ടികയിലെ ഒന്നാമൻ. ലോകത്ത് തന്നെ 500 ടെസ്റ്റ് വിക്കറ്റെടുക്കുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്
800 വിക്കറ്റുമായി മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമൻ. ഷെയ്ൻ വോൺ 708 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. കുംബ്ലെ 619, ആൻഡേഴ്‌സൺ 589, മക്ഗ്രാത്ത് 563, കോട്‌നി വാൽഷ് 519 എന്നിവരാണ് മറ്റുള്ളവർ