ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം
ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് നേടിയത്. മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
കളി തുടങ്ങി നാല് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കാതെ ശിഖര്‍ ധവാന്‍ റണ്ണൗട്ടായി മടങ്ങി. പൃഥ്വി ഷായുമായുണ്ടായ ആശയ കുഴപ്പാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാലാം ഓവറില്‍ പൃഥ്വി ഷാ (5) ക്രിസ് ജോര്‍ദാന് ക്യാച്ച് നല്‍കി പുറത്തായി. ഷമിക്കായിരുന്നു വിക്കറ്റ്. ആ ഓവറില്‍ തന്നെ ഷിംറോണ്‍ ഹെറ്റ്മയറെയും (7) ഷമി മടക്കി. മായങ്ക് അഗര്‍വാളിന് ക്യാച്ച് നല്‍കിയായിരുന്നു ഹെറ്റ്മയറുടെ മടക്കം.
13 ന് മൂന്ന് എന്ന നിലയില്‍ പതറിയ ഡല്‍ഹിയെ ശ്രേയസ്-പന്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്തിനെ വീഴ്ത്തി രവി ബിഷ്ണോയ്‌യാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പന്ത് 29 ബോളില്‍ 31 റണ്‍സ് നേടി. പിന്നാലെ 32 ബോളില്‍ 39 റണ്‍സുമായി അയ്യരും മടങ്ങി. ഷമിയ്ക്കായിരുന്നു വിക്കറ്റ്.
അവസാന ഓവറുകളില്‍ കൂറ്റനടികളുമായി മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 21 ബോളില്‍ നിന്ന് സ്റ്റോയ്നിസ് 7 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 30 റണ്‍സാണ് ഡല്‍ഹിയുടെ അക്കൌണ്ടിലെത്തിയത്. കളി തീരാന്‍ ഒരു ബോള്‍ മാത്രം ശേഷിക്കെ സ്റ്റോയ്നിസ് റണ്ണൌട്ടായി മടങ്ങുകയായിരുന്നു. ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. ഷല്‍ഡണ്‍ കോട്രല്‍ രണ്ട് വിക്കറ്റും രവി ബിഷ്ണോയ് ഒരു വിക്കറ്റും നേടി. ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 56 റണ്‍സാണ് വഴങ്ങിയത്.