ധോണിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് അക്സർ പട്ടേൽ
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഏഴാം നമ്പറിലോ അതിനു താഴെയോ ബാറ്റ് ചെയ്യാൻ ഇറങ്ങി ഏറ്റവുമധികം സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അക്സർ സ്വന്തം പേരിൽ കുറിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് അക്സറിൻ്റെ റെക്കോർഡ് പ്രകടനം.
മത്സരത്തിൽ 35 പന്തുകൾ നേരിട്ട് 64 റൺസ് നേടി പുറത്താവാതെ നിന്ന അക്സർ ആകെ അഞ്ച് സിക്സറുകൾ പറത്തി. 2005ൽ സിംബാബ്‌വെയ്ക്കെതിരെ ധോണി നേടിയ മൂന്ന് സിക്സറുകൾ ഇതോടെ പഴങ്കഥയായി. ഇന്നലെ വെറും 27 പന്തിൽ അർധസെഞ്ചുറി തികച്ച അക്സർ വെസ്റ്റ് ഇൻഡീസിൽ ഏറ്റവും വേഗമേറിയ ഏകദിന അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും കുറിച്ചു.
മത്സരത്തിൽ ഇന്ത്യ ആവേശജയം നേടിയിരുന്നു, രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ 50 ഓവർ വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8.
നാലാം വിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണും ശ്രേയാസ് അയ്യരും ചേർന്ന കൂട്ടുകെട്ടാണ് (99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യർ (63), സഞ്ജു സാംസൺ (54) എന്നിവരും ഇന്ത്യക്കായി അർധസെഞ്ചുറി നേടി. കൂടാതെ ഗിൽ (43), ദീപക് ഹൂഡ (33) റൺസും നേടി. വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫ് കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.
ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ നിക്കോളാസ് പൂരാനും (74) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കൂർ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.