ഐ.പി.എല്‍ ഉറപ്പായി; കളിക്കളത്തിൽ ധോനിയെക്കാത്ത് ആരാധകർ
കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന 13-ാം ഐ.പി.എല്‍ സീസണ്‍ ഉടനെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടി20 ലോക കപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും നടത്താം എന്ന് തീരുമാനത്തില്‍ ബി.സി.സി.ഐയെ എത്തിച്ചത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യു.എ.ഇയിലെ മൂന്നു മൈതാനങ്ങളിലായി നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ഹാപ്പി.
ഐ.പി.എല്‍ ആരാധകര്‍ക്ക് വെറും ഒരു ടൂര്‍ണമെന്റ് മാത്രമല്ല. പല താരങ്ങളെ വീണ്ടും മൈതാനത്ത് കാണാനുള്ള കാത്തിരിപ്പിന്റെ വിരാമ വേദി കൂടിയാണ്. അത്തരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന മാസ് തിരിച്ചുവരവ് ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയുടേതാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പിനുശേഷം ആദ്യമായി ധോണിയെ കളത്തില്‍ കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ലോക കപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വി വഴങ്ങിയ ശേഷം ധോണി ഇതുവരെ കളിച്ചിട്ടില്ല.