ഫിഡെ ചെസ് ലോകകപ്പ് ഫൈനൽ; പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്ന സമ്മാനത്തുകയറിയാം
ഫിഡെ ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസണോട് പൊരുതി വീണെങ്കിലും അഭിമാനത്തോടെയാണ് പ്രഗ്നാനന്ദയുടെ മടക്കം. അസർബെയ്ജാനിലെ ബാക്കുവിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. വമ്പൻതാരങ്ങളെ അട്ടിമറിച്ചെത്തിയ പ്രഗ്‌നാനന്ദയെ ടൈ ബ്രേക്കറിൽ 1.5-0.5 എന്ന സ്‌കോറിനാണ് കാൾസൻ മറികടന്നത്.
ലോകചാമ്പ്യനെയും റണ്ണറപ്പിനെയും കാത്തിരിക്കുന്നത് വലിയ സമ്മാനത്തുകകളാണ്. റണ്ണറപ്പായ പ്രഗ്നാനന്ദയ്ക്ക് 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളർ) സമ്മാനമായി ലഭിക്കുക. കിരീടം നേടിയ കാൾസന് 91 ലക്ഷത്തോളം രൂപയും (110,000 ഡോളർ) ലഭിക്കും. 2022 ഫെബ്രുവരിയിൽ എയർതിങ്‌സ് മാസ്റ്റേഴ്‌സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്‌നസ് കാൾസനെ പ്രഗ്നാനന്ദ അട്ടിമറിച്ചിരുന്നു.
ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്‌നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു. വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരുന്നു. 2005ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ.
നിലവിൽ 23-ാം റാങ്കിലാണ് പ്രഗ്നാനന്ദ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്നാനന്ദ. 2022 നവംബറിൽ അർജുന അവാർഡ് നൽകി രാജ്യം താരത്തെ ആദരിച്ചു.