കോമൺവെൽത്ത് ഗെയിംസിൽ കളിക്കുക മെഡലിനായി: ഹർമൻപ്രീത് കൗർ
കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുക എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വളരെ നിർണായകമായ ഒരു ടൂർണമെൻ്റാണ് ഇതെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർമൻ വ്യക്തമാക്കി. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻ മനസുതുറന്നത്
ഈ ടൂർണമെന്റ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇത്തവണ ഞങ്ങൾ മെഡലിനായി കളിക്കുകയാണ്. എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത്തരത്തിലുള്ള ടൂർണമെന്റുകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. ഇങ്ങനെ ഞങ്ങൾക്കും അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒരു വലിയ ഇവന്റിന്റെ ഭാഗമാവുകയാണ്. ഭാവിയിൽ, ഇത്തരം അവസരങ്ങൾ ഞങ്ങൾക്ക് ഇനിയും ലഭിച്ചാൽ, അത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു.”- ഹർമൻപ്രീത് പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.
ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് ചാമ്പ്യൻ പട്ടം ചൂടിയത്.
ബാർബഡോസ് ആണ് ഗ്രൂപ്പ് എയിലുള്ള നാലാമത്തെ ടീം. ബാർബഡോസിനെ ഓഗസ്റ്റ് മൂന്നാം തീയതി വൈകിട്ട് 6 മണിക്ക് ഇന്ത്യ നേരിടും. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീം കൂടി ഗ്രൂപ്പ് ബിയിൽ പരസ്പരം പോരടിക്കും. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. ആദ്യ മത്സരം രാവിലെ 11നും അടുത്ത മത്സരം വൈകിട്ട് 6 മണിക്കുമാണ്. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തീയതി നടക്കും. വെങ്കലമെഡൽ പോരാട്ടം രാവിലെ 10 മണിക്കും ഫൈനൽ വൈകിട്ട് 5 മണിക്കുമാണ്.