കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ടീം സംഘത്തിൽ കൊവിഡ്
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സംഘത്തിൽ കൊവിഡ്. ബിസിസിഐ യോഗത്തിനു ശേഷം പ്രസിഡൻ്റ് സൗരവ് ഗാംഗുലി തന്നെ ഇക്കാര്യം അറിയിച്ചു. ആർക്കാണ് കൊവിഡ് പോസിറ്റീവായതെന്ന് വ്യക്തമല്ല. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പ്രതീക്ഷയുള്ള ഇന്ത്യക്ക് ഇത് കനത്ത തിരിച്ചടിയാണ്.
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. രക്തത്തിൽ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് സ്പ്രിൻ്റർ എസ് ധനലക്ഷ്മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരെ ഗെയിംസിൽ നിന്ന് വിലക്കിയത്. ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
24കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4*100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് ഇവർ മത്സരിക്കേണ്ടിയിരുന്നത്. അത്‌ലറ്റിക്സ് ഇൻ്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയാണ് ഐശ്വര്യയുടെ ടെസ്റ്റ് ചെയ്തത്. ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിൻ്റെ 1.2 മില്ല്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ അറിയിച്ചിരുന്നു. എഡ്ജ്ബാസ്റ്റണിൽ ഈ മാസം 31നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യ, പാകിസ്താൻ സ്വദേശികളായ നിരവധി ആളുകളാണ് എഡ്ജ്ബാസ്റ്റണിൽ താമസിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിൻ്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിക്കപ്പെടുമെന്ന് കരുതുന്നതായി ഗെയിംസ് സിഇഒ ഇയാൻ റീഡ് പറഞ്ഞു.
താരങ്ങളും ഒഫീഷ്യൽസും അടക്കം 322 അംഗ സംഘത്തെയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചത്. ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്. 215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേർ ഒഫീഷ്യലുകളും സപ്പോർട്ട് സ്റ്റാഫുമാണ്. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.