Sunday, April 13, 2025
Sports

പിഴയടക്കില്ലെന്ന് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഇനി അങ്കം അന്താരാഷ്ട്ര കായിക കോടതിയിൽ

ഐഎസ്എൽ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതിനെ തുടർന്നുള്ള വിവാദങ്ങളിൽ പുതിയ വഴി തിരിവ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദച്ചുഴിയിൽ വലച്ച വിഷയമാണ് എലിമിനേറ്ററിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയുള്ള മത്സരം. ബെംഗളരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക്‌ അനുവദിച്ച റഫറിയുടെ തീരുമാനം ക്ലബിനെയും ആരാധകരെയും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഛേത്രിയുടെ ഗോൾ അനുവദിച്ചതിന് തുടർന്ന് കളിക്കാരോട് മൈതാനം വിടാൻ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ നിർദേശിക്കുകയും ചെയ്തു.

മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയ നടപടിയിലാണ് ക്ലബ്ബിന്റെ അപ്രതീക്ഷിത നീക്കം. എഐഎഫ്എഫ് ചുമത്തിയ നാല് കോടി രൂപയുടെ പിഴ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കില്ല. മറിച്ച്, അന്താരാഷ്ട്ര തലത്തിൽ കായിക തർക്കങ്ങൾ പരിഹരിക്കുന്ന കോർട്ട് ഓഫ് ആർബിട്രേഷനിലേക്ക് അപ്പീലുമായി നീങ്ങാനാണ് ക്ലബ്ബിന്റെ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കായികതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ലോകത്തിലെ പ്രധാനപ്പെട്ട കോടതിയാണ് സ്വിറ്റ്‌സർലൻഡിലെ ലോസാൻ ആസ്ഥാനമായ CAS അഥവാ കോർട്ട് ഓഫ് ആർബിട്രേഷൻ.

ഗോൾ രഹിത സമനിലയിൽ അവസാനിച്ച മുഴുവൻ സമയത്തിന് ശേഷം അധിക സമയത്തേക്ക് നീങ്ങിയ മത്സരം ടീമിന് നിർണായമായിരുന്നു. മത്സരത്തിൽ 96-ാം മിനുട്ടിൽ സുനിൽ ഛേത്രി ഫ്രീകിക്കിലൂടെ ഗോൾ നേടി. ഈ ഗോളിൽ പ്രതിഷേധിച്ചാണ് ക്ലബ് മത്സരം ബഹിഷ്കരിച്ചത്. ആ ഗോൾ ഫുട്ബോൾ നിയമങ്ങൾക്ക് എതിരാണെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. ഈ ബഹിഷ്കരണം ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ധാരാളം ചർച്ചകൾ ഉയർത്തി.

മത്സരത്തിനിടെ കളിക്കളം വിട്ട ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തെ വിമർശിച്ച, ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. വാക്ക്ഔട്ടിന് നേതൃത്വം നൽകിയ മുഖ്യ പരിശീലകൻ, ഇവാൻ വുകുമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചു. പരിശീലകന് നൽകിയ പത്ത് മത്സരങ്ങളുടെ വിലക്കിൽ മൂന്നെണ്ണം ഏപ്രിൽ നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ ഇവാൻ നേരിട്ടു.

പിഴ അടക്കുന്ന കാര്യത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ വിധിയിൽ ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകിയിരുന്നു. എന്നാൽ, അപ്പീൽ കമ്മിറ്റി അച്ചടക്ക സമിതിയുടെ വിധി ശരി വെച്ചു. രണ്ടാഴ്ചക്കുള്ളിൽ പിഴ അടക്കാൻ ജൂൺ 2 നു ക്ലബിനോട് ആവശ്യപ്പെടും ചെയ്തു. എന്നാൽ പിഴ അടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കൊമ്പന്മാർ. ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതിനാൽ വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ, വിഷയത്തിൽ അപ്പീൽ കമ്മിറ്റി ക്ലബ്ബിന്റെ അപ്പീൽ തള്ളിയതോടെയാണ് അന്താരാഷ്ട്ര കായിക വ്യവഹാര കോടതിയിലേക്ക് നീങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *