റഫറിയിനെതിരെ ബെംഗളൂരു എഫ്‌സി ഉടമ രംഗത്ത്; കർമയെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ; ‘വാർ’ കൊണ്ടുവരുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ്
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ തെറ്റായ റഫറിയിങ് നടപടികൾക്ക് ഇരയായി ബെംഗളൂരു എഫ്‌സി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു മുന്നിട്ട് നിൽക്കുമ്പോഴാണ് വിവാദം അരങ്ങേറുന്നത്. പന്തുമായി ബോക്സിലേക്ക് കുതിച്ച എടികെ മോഹൻ ബഗാന്റെ യുവതാരം കിയാൻ നസിരിയെ ബെംഗളൂരു താരം പാബ്ലോ പെരെസ് ബോക്സിനു തൊട്ട് പുറത്തു ഫൗൾ ചെയ്യുന്നു. തുടർന്ന് റഫറി എടികെ മോഹൻ ബഗാന് പെനാൽറ്റി അനുവദിക്കുകയും അവരത് സ്കോർ ചെയ്തതോടെ മത്സരം സമനിലയിലായി. തുടർന്ന്, മത്സരം അധികസമയത്തേക്കും പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങി. ഷൂട്ടൗട്ടിൽ വിജയം എടികെ മോഹൻ ബഗാന് ഒപ്പമായിരുന്നു.
വിഷയത്തിൽ പ്രതികരണവുമായി ക്ലബ് ഉടമ പാർത്ഥ് ജിൻഡാൽ രംഗത്തെത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ ‘വാർ’ സാങ്കേതിക വിദ്യ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാരണം റഫറിമാരെടുക്കുന്ന തീരുമാനങ്ങൾ വലിയ മത്സരങ്ങളെ ബാധിക്കുന്നു. മത്സരത്തിൽ റഫറിമാർ എടുത്ത തീരുമാനം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബെംഗളൂരു എഫ്‌സിക്ക് എതിരെയുള്ള റഫറിയുടെ നടപടി കർമയാണെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ രംഗത്തെത്തി.
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളുരുവിനെതിരായ നിർണായക എലിമിനേറ്റർ മത്സരത്തിൽ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു. അന്ന് സുനിൽ ഛേത്രി എടുത്ത ഫ്രീകിക്ക് അനുവദിച്ച റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ മത്സരം ബഹിഷ്കരിച്ചത് വിവാദമായി. ഇന്ത്യൻ ഫുട്ബോളിലെ മോശം റഫറിയിങ്ങിൽ പ്രതിഷേധിച്ചായിരുന്നു ഇവാന്റെ നീക്കം. അന്ന് പാർത്ഥ് ജിൻഡാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തന്റെ നിലപാട് മാറ്റിപറയേണ്ട സാഹചര്യം ബെംഗളൂരു ഉടമക്ക് വന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വ്യക്തമാക്കുന്നത്.
ഇതിനിടെ, ഇന്നലത്തെ സംഭവം കൂടി മുൻനിർത്തി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ‘വാർ’ സാങ്കേതിക വിദ്യ എത്തിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അധ്യക്ഷൻ കല്യാൺ ചൗബേ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. ബെൽജിയൻ ഫുട്ബോളിൽ ഉപയോഗിക്കാൻ ചെലവുകുറഞ്ഞ മാതൃക ആയിരിക്കും ഇന്ത്യൻ ഫുട്ബോളിൽ ഉപയോഗിക്കുക എന്ന അദ്ദേഹം വ്യക്തമാക്കി.