‘മുംബൈ ഇന്ത്യന്‍സിനേക്കാള്‍ പ്രാധാന്യം ഇന്ത്യക്ക്’; രോഹിത് ശര്‍മ മാറി നില്‍ക്കുന്നത് ജോലിഭാരം കുറയ്ക്കാന്‍
ഐപിഎല്ലിലെ രണ്ടാം ഘട്ടത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മുംബൈ ഇലവനില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സിന്റെ താത്പര്യങ്ങള്‍ക്ക് മുകളില്‍ രോഹിത് ഇന്ത്യക്ക് പ്രാധാന്യം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അടുത്ത 24 മാസത്തെ കുറിച്ച് വ്യക്തമായ പദ്ധതി രോഹിത് തയ്യാറാക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വന്റി20 ലോകകപ്പുകളും 2023 ലെ ഏകദിന ലോകകപ്പും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തിന്റെ താത്പര്യത്തിനാണ് മുംബൈ ഇന്ത്യന്‍സും പ്രാധാന്യം നല്‍കുന്നത്. ഇന്ത്യക്ക് രോഹിത് മുന്‍തൂക്കം നല്‍കുന്നു. ഐപിഎല്ലിന് പിന്നാലെയാണ് ലോകകപ്പ് വരുന്നത്. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളും കൂടി കണക്കാക്കിയാണ് രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കുന്നത്, മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച കൊല്‍ക്കത്തയ്ക്ക് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഇതില്‍ രോഹിത് ശര്‍മ കളിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഈ സമയം ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് രോഹിത് എല്ലാ പ്രാധാന്യവും നല്‍കുന്നത്. ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന് ശേഷമാണ് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. കോലിക്ക് ശേഷം രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.