Monday, January 6, 2025
Sports

ആര്‍സിബിയെ നാണം കെടുത്തി കെകെആറിന്റെ തിരിച്ചുവരവ്, ഗംഭീര വിജയം

അബുദാബി: വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നിഷ്പ്രഭരാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. 31ാമത്തെ മല്‍സരത്തില്‍ ആര്‍സിബിയെ കെകെആര്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും കൊല്‍ക്കയ്ക്കു മുന്നില്‍ ആര്‍സിബി പിന്തള്ളപ്പെട്ടു. ഒമ്പത് വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഒയ്ന്‍ മോര്‍ഗന്റെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 92 റണ്‍സിനു കൂടാരംകയറിയപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു.
റണ്‍ചേസില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ല. 10 ഓവറില്‍ത്തന്നെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ശുഭ്മാന്‍ ഗില്ലും അരങ്ങേറ്റക്കാരനായ വെങ്കടേഷ് അയ്യരും ചേര്‍ന്ന് മികച്ച അടിത്തറയിട്ടതാണ് കെകെആറിന്റെ ജയം അനായസമാക്കി തീര്‍ത്തത്. ഗില്‍ 48 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അയ്യര്‍ 41 റണ്‍സോടെ പുറത്താവാതെ നിന്നു. 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. അയ്യര്‍ 27 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- അയ്യര്‍ ജോടി 82 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്നത്തെ ഉജ്ജ്വല വിജയത്തോടെ പോയിന്റ് പട്ടികയില്‍ കെകെആര്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഏഴാംസ്ഥാനത്തു നിന്നും അവര്‍ ഒറ്റയടിക്കു അഞ്ചാമതെത്തിയിരിക്കുകയാണ്.

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ആര്‍സിബിക്കു കെകെആറിന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ മറുപടിയിലില്ലായിരുന്നു. 19 ഓവറില്‍ വെറും 92 റണ്‍സിന് ആര്‍സിബി കൂടാരംകയറി. പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ആര്‍സിബി ഏഴാം സ്ഥാനക്കാരായ കെകെആറിനെതിരേ ഇങ്ങനെയൊരു ദുരന്തത്തിലേക്കു വീഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 22 റണ്‍സെടുത്ത ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 20 ബോളില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു താരം ടീമിന്റെ അമരക്കാരനായത്. അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് (16), ഹര്‍ഷല്‍ പട്ടേല്‍ (12), ഗ്ലെന്‍ മാക്‌സ്വെല്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്യാപ്റ്റന്‍ വിരാട് കോലി (5), സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് (0), മലയാളി താരം സച്ചിന്‍ ബേബി (7), വനിന്ദു ഗസരംഗ (0), കൈല്‍ ജാമിസണ്‍ (4), മുഹമ്മദ് സിറാജ് (8) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.

ഒരു മികച്ച കൂട്ടുകെട്ട് പോലും ആര്‍സിബി നിരയില്‍ ഇല്ലായിരുന്നു. രണ്ടാം ഓവര്‍ മുതല്‍ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. രണ്ടാം വിക്കറ്റില്‍ ദേവ്ദത്ത്- ഭരത് സഖ്യം ചേര്‍ന്നെടുത്ത 31 റണ്‍സാണ് ആര്‍സിബിയുടെ ഉയര്‍ന്ന കൂട്ടുകെട്ട്. രണ്ടു വിക്കറ്റിന് 41 റണ്‍സില്‍ നിന്നും നാലിന് 52ലേക്കും എട്ടിന് 76ലേക്കും അവര്‍ കൂപ്പുകുത്തി. ബാറ്റിങ് ദുഷ്‌കരമായ സ്ലോ പിച്ചില്‍ കെകെആര്‍ ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും ചേര്‍ന്നാണ് ആര്‍സിബിയെ തകര്‍ത്തത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. നാലോവറില്‍ 13 റണ്‍സിനാണ് വരുണ്‍ മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ റസ്സല്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിനാണ് മൂന്നു പേരെ മടക്കിയത്. ലോക്കി ഫെര്‍ഗൂസന്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *