Sunday, January 5, 2025
Sports

നെയ്മറിനെതിരായ വംശീയ പരാമര്‍ശം; ഗോണ്‍സാലസിന് വധഭീഷണി

പാരിസ്: പിഎസ്ജി സൂപ്പര്‍ താരം നെയ്മറിനെതിരേ വംശീയപരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് വിധേയനായ മാര്‍സിലെ താരം അല്‍വാരോ ഗോണ്‍സാലസിന് വധഭീഷണി. മാര്‍സിലെ കോച്ച് ആന്ദ്രേ വില്ലാസ് ബോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗോണ്‍സാലസിന് നിരവധി തലങ്ങളില്‍നിന്ന് വധഭീഷണിയുണ്ടെന്ന് കോച്ച് അറിയിച്ചു. ഇക്കാര്യം പോലിസിനെ അറിയിച്ചിട്ടുണ്ട്. വധഭീഷണി നടത്തിയവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദവിഷയത്തില്‍ പിഎസ്ജിയും ബ്രസീലും നെയ്മറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് ലീഗ് വണ്ണില്‍ മാര്‍സിലെയ്ക്കെതിരായി നടന്ന മല്‍സരത്തിലാണ് വിവാദസംഭവം അരങ്ങേറിയത്.

മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ രണ്ട് ടീമിലെയും താരങ്ങള്‍ തമ്മില്‍ കൈയേറ്റം നടന്നിരുന്നു. മല്‍സരത്തില്‍ 14 ഓളം മഞ്ഞകാര്‍ഡും അഞ്ച് ചുവപ്പ് കാര്‍ഡുമാണ് റഫറി പുറത്തെടുത്തത്. നെയ്മറും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഗോണ്‍സാലസിനെ അടിച്ചതിനാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍, തന്നെ വംശീയമായി ഗോണ്‍സാലസ് അധിക്ഷേപിച്ചുവെന്നും ഇതെത്തുടര്‍ന്നാണ് താന്‍ വികാരഭരിതനായതെന്നും നെയ്മര്‍ അറിയിച്ചിരുന്നു. മല്‍സരത്തില്‍ മാര്‍സിലെ ജയിച്ചിരുന്നു.

അതിനിടെ, ഗോണ്‍സാലസും മാര്‍സിലെ ക്ലബ്ബും നെയ്മറിന്റെ ആരോപണം നിഷേധിച്ചിരുന്നു. നെയ്മര്‍ ഇതിന് മുമ്പും വ്യാജ ആരോപണങ്ങളും അഭിനയങ്ങളും കളിക്കളത്തില്‍ നടത്തിയിരുന്നുവെന്നും ഇതും അത്തരത്തിലുള്ളതാണെന്നും മാര്‍സിലെ ക്ലബ്ബ് അറിയിച്ചു. നെയ്മറിന്റെ ആരോപണത്തില്‍ വന്‍ അന്വേഷണമാണ് നടക്കുന്നത്. അതിനിടെ, കഴിഞ്ഞദിവസം ഗ്രൗണ്ടില്‍നിന്നും റെക്കോഡ് ചെയ്ത ഓഡിയോ വ്യക്തമല്ലെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ആരോപണം വ്യാജമാണെന്ന് കണ്ടെത്തുന്ന പക്ഷം നെയ്മറിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്ക് ലഭിക്കും. ആരോപണം സത്യമാണെങ്കില്‍ ഗോണ്‍സാലസിനും വിലക്ക് വന്നേക്കും. നിലവില്‍ മൂന്നുമല്‍സരങ്ങളില്‍നിന്നാണ് നെയ്മറിന് വിലക്ക്. ലീഗിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ തോറ്റ പിഎസ്ജിക്ക് അടുത്ത മല്‍സരം ജയിച്ചേ മതിയാവൂ. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മാര്‍സിലെ പിഎസ്ജിയെ തോല്‍പ്പിക്കുന്നത്. കൂടാതെ 1985ന് ശേഷം ആദ്യമായാണ് ലീഗിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ പിഎസ്ജി തോല്‍ക്കുന്നത്. ചാംപ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകള്‍ക്ക് സീസണിലെ തുടക്കംതന്നെ പാളിയിരിക്കുകയാണ്. നെയ്മര്‍, ഡി മരിയ എന്നിവരില്ലാതെ നാളെ മെറ്റ്സിനെതിരായി ഇറങ്ങുന്ന പിഎസ്ജിക്ക് നന്നായി വിയര്‍ക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *