Monday, January 6, 2025
Sports

റായ്‌പൂരിൽ കിവികളെ അരിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 109

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 109 റൺ വിജയലക്ഷ്യം. റായ്‌പൂരിലെ ശഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യ ഏകദിനത്തിൽ നിർണായകമായത് ഇന്ത്യയുടെ ടോസ് നേട്ടവും ബൗളർമാരുടെ മികവും. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമിയും ഹർദിക് പാണ്ട്യയും സിറാജും തിളങ്ങിയ ഇന്നിങ്സിൽ തകർന്നത് ന്യൂസിലൻഡിന്റെ ഓപ്പണിങ് നിര. ഓഫ് ബ്രേക്ക് ബൗളർ വാഷിംഗ്ടൺ സുന്ദർ വാലറ്റത്തെ തകർത്തതോടെ ന്യൂസിലൻഡിന്റെ പതനം പൂർത്തിയായി. മുഹമ്മദ് ഷമി ഹാട്രിക്ക് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഹർദിക് പാണ്ട്യയും വാഷിംഗ്ടൺ സുന്ദറും ഇരട്ടവിക്കറ്റ് നേട്ടം കരസ്ഥമാക്കി. ശാർദൂൽ താക്കൂറും ഓരോ വിക്കറ്റുകൾ നേടി. ന്യൂസിലൻഡിന്റെ ഇന്നിങ്സ് നൂറ് റണ്ണിന് മുകളിൽ കടത്തിയത് മിച്ചൽ സാന്ററുമായി ചേർന്നുള്ള ഗ്ലെൻ ഫിലിപ്സിന്റെ പോരാട്ടം.

ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റ് ചെയ്യാനായി അയക്കുകയായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കിവിപ്പടയുടെ കയ്യിൽ നിന്ന് മത്സരം നഷ്ട്ടപെട്ടു. ആദ്യ ഓവറിൽ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ (0) പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലാൻഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറിൽ സിറാജിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് (1) പുറത്താകുമ്പോൾ ന്യൂസിലാൻഡ് നേടിയത് 8 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ മിച്ചലിനെയും (2) ഒൻപതാം ഓവറിൽ കോൺവെയെയും (7) നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞു. ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലതമിനെ (1) പത്താം ഓവറിൽ ശാർദൂൽ താക്കൂർ പുറത്താക്കി.

ന്യൂസിലാൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്‌വെല്ലിനും മിച്ചൽ സാന്ററിനും മാത്രമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തർപ്പൻ സെഞ്ച്വറി നേടിയ ബ്രേസ്‌വെൽ 30 പന്തുകളിൽ നിന്ന് 22 റണ്ണുകൾ മാത്രം നേടി ഷമിക്ക് മുൻപിൽ വീഴുകയായിരുന്നു. മിച്ചൽ സാന്റ്നറുമായി ചേർന്ന് ഗ്ലെൻ ഫിലിപ്സ് നടത്തിയ പോരാട്ടമാണ് കൂറ്റൻ തകർച്ചയിൽ നിന്ന് കിവികളെ അൽപ്പമെങ്കിലും രക്ഷപെടുത്തിയത്.

എന്നാൽ യുവതാരം വാഷിംഗ്‌ടൺ സുന്ദർ വമ്പനടികൾക്ക് പേരുകേട്ട ഗ്ലെൻ ഫിലിപ്സിനെ (36) പുറത്താക്കിയതോടെ ന്യൂസിലൻഡിന്റെ ഇന്നിഗ്‌സിന്‌ അവസാനമായി. ലോക്കി ഫെർഗുസനും (1) ബ്ലൈർ ടിക്കണറും (2) യാതൊരുവിധത്തിലുള്ള പ്രതിരോധവും സൃഷ്ട്ടിക്കാതെയാണ് കളം വിട്ടത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളേതും കൂടാതെയാണ് ഇരുടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *