വനിതാ അണ്ടർ 19 ലോകകപ്പ്: ഇന്ത്യ ഗ്രൂപ്പ് ഡിയിൽ; മത്സരക്രമം പ്രഖ്യാപിച്ചു
പ്രഥമ വനിതാ അണ്ടർ 19 ടി-20 ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 14 മുതൽ 29 വരെ ദക്ഷിണാഫ്രിക്കയിലാണ് ലോകകപ്പ് നടക്കുക. ബെനോനി, പോച്ചെഫ്ട്രൂം എന്നീ വേദികളിലാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്ക, സ്കോട്ട്ലൻഡ്, യുഎഇ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎസ്എ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇംഗ്ലണ്ട്, പാകിസ്താൻ, റുവാണ്ട, സിംബാബ്വെ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ഇൻഡോനേഷ്യ എന്നീ ടീമുകൾ ഗ്രൂപ്പ് സിയിലും കളിക്കും. റുവാണ്ടയും ഇൻഡോനേഷ്യയും ഇതാദ്യമായാണ് ഏതെങ്കിലും ഒരു ഐസിസി ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്.
ജനുവരി 14 ന് ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. അന്ന് തന്നെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടും. ജനുവരി 27ന് സെമിഫൈനലുകളും 29ന് ഫൈനലും നടക്കും. ജനുവരി 30 ഫൈനലിലുള്ള റിസർവ് ദിനമാണ്.