Wednesday, January 8, 2025
Sports

ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര നാളെ മുതൽ; ആദ്യ കളിയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ മുതൽ. നാളെ ഉച്ചക്ക് 1.30 മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം ആരംഭിക്കുക. വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ മത്സരത്തിൽ കളിക്കില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നാളെ ടീമിനെ നയിക്കും.

രോഹിതിൻ്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതിനാൽ സൂര്യകുമാർ യാദവ് നാലാം നമ്പറിലും കെഎൽ രാഹുൽ അഞ്ചാം നമ്പറിലും കളിക്കും. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ശാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, ജയദേവ് ഉനദ്കട്ട് എന്നിവരിൽ ഒരാളാവും മൂന്നാം പേസർ. ബാറ്റിംഗ് കൂടി പരിഗണിച്ച് താക്കൂറിനാണ് സാധ്യത കൂടുതൽ. രവീന്ദ്ര ജഡേജയ്ക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരിൽ ഒരാൾക്ക് അവസരം ലഭിക്കും.

മറുവശത്ത് പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ സ്റ്റീവ് സ്‌മിത്താണ് ഓസ്ട്രേലിയയെ നയിക്കുക. ഷോൺ ആബട്ട്, മിച്ചൽ സ്റ്റാർക്ക് എന്നിവരാവും സ്പെഷ്യലിസ്റ്റ് പേസർമാർ, കാമറൂൺ ഗ്രീനൊപ്പം മിച്ചൽ മാർഷോ മാർക്കസ് സ്റ്റോയിനിസോ ഓൾറൗണ്ടറായി കളിക്കും. ആദം സാമ്പയാവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

മാർച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *