Thursday, January 23, 2025
Sports

പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മല്‍സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.

2006-07 സീസണില്‍ ഐലീഗ് ടീമായ സ്‌പോര്‍ട്ടിങ് ഗോവയുമായിട്ടായിരുന്നു ആദ്യ പ്രഫഷണല്‍ കരാര്‍. ഇതേ വര്‍ഷം ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായും, ഡ്യുറാന്‍ഡ് കപ്പില്‍ ഏറ്റവും മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയും ഖബ്ര തന്റെ അരങ്ങേറ്റ വര്‍ഷം ഗംഭീരമാക്കി. 2009-10 ഐലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്‌സി കപ്പിലും കളിച്ചു.

ഈസ്റ്റ് ബംഗാളിനൊപ്പമുള്ള ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ഐഎസ്എല്‍ സെമിഫൈനലും, 2015ല്‍ കിരീടവും നേടിയ ടീമിനായി നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം ബംഗളൂരു എഫ്‌സിയിലേക്ക് മാറിയ താരം ക്ലബ്ബിന്റെ 2018-19 ഐഎസ്എല്‍ കിരീടധാരണത്തിലും പ്രധാന സാനിധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *