Thursday, January 2, 2025
Sports

നാണംകെട്ട പുറത്താകൽ: സീനിയര്‍ താരങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാകിസ്ഥാന്‍; പ്രതിഫലം വെട്ടിക്കുറക്കും

കറാച്ചി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8എല്‍ എത്താതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് ടീമിലെ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍ എന്നിവരുടേതടക്കം പ്രതിഫലം വെട്ടിക്കുറക്കാനും വാര്‍ഷിക കരാറില്‍ മാറ്റം വരുത്താനുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വിക്ക് മുന്‍ താരങ്ങളില്‍ നിന്ന് കിട്ടിയ ഉപദേശമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫിന്‍റെ കാലത്ത് നടപ്പാക്കിയ വാര്‍ഷി കരാറാണ് പുന: പരിശോധിക്കാനൊരുങ്ങുന്നത്.

കടുത്ത തീരുമാനം എടുക്കാന്‍ തീരുമാനിച്ചാല്‍ കളിക്കാരുടെ പ്രതിഫലം, മാച്ച് ഫീ, വാര്‍ഷിക കരാര്‍ എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്നത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഷൊയ്ബ് മാലിക്കിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഫൈനല്‍ കളിച്ച പാകിസ്ഥാന്‍ 2009ല്‍ യൂനിസ് ഖാന്‍റെ ക്യാപ്റ്റന്‍സിയില്‍ ചാമ്പ്യന്‍മാരായി. 2022ലും ബാബര്‍ അസമിന്‍റെ നേതൃത്വത്തില്‍ ഫൈനല്‍ കളിച്ച പാകിസ്ഥാന്‍ 2010ലും 2012ലും 2021ലും സെമിയിലുമെത്തിയിരുന്നു

കളിക്കാരുടെ പ്രതിഫലം അടക്കം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ബോര്‍ഡിന് മുന്നിലുള്ള നിര്‍ദേശം ഇതാണെന്ന് പാക് ബോര്‍ഡിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന സാക്കാ അഷ്റഫ് കളിക്കാരുടെ പ്രതിഫലം കുത്തനെ ഉയര്‍ത്തുകയും ബോര്‍ഡിന്‍റെ ലാഭത്തില്‍ നിന്നൊരു പങ്ക് കളിക്കാര്‍ക്ക് കൂടി നല്‍കാന്‍ തീരമാനിക്കുകയായിരുന്നു. ഇത്തവണ ലോകകപ്പ് ജയിച്ചാല്‍ പാക് ടീമിലെ ഓരോ കളിക്കാരനും ഒരു ലക്ഷം ഡോളര്‍ വീതം സമ്മാനം നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *