ആദ്യം ചെസ്സിൽ അങ്കം; പിന്നീട് ഗോദയിൽ പോര്; ചെസ്സ് ബോക്സിങ്ങിൽ സ്വർണനേട്ടവുമായി മലയാളി ഡോക്ടർ
ചെസ്സ് ബോക്സിങ്ങിൽ സ്വർണനേട്ടവുമായി മലയാളി ഡോക്ടർ. ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഡോ.മിഥുൻ കൃഷ്ണനാണ് ചെസ്സ് ബോക്സിങ്ങിൽ സ്വർണം നേടി കേരളത്തിന് അഭിമാനമായത്. ജൂൺ അഞ്ചു മുതൽ ഏഴ് വരെ കൊൽക്കത്തയിൽ നടന്ന ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അഖിലേന്ത്യാ തലത്തിലും ഏഷ്യൻ തലത്തിലും മിഥുൻ സ്വർണം നേടി. സ്വർണ നേട്ടത്തോടെ ഈ വർഷം നവംബറിൽ ഇറ്റലിയിൽ നടക്കുന്ന ലോക ചെസ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും മിഥുൻ നേടി.
സ്പോർട്സ് മെഡിസിനിൽ കൂടി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ലോകോത്തര ടീമുകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം കേരളത്തിൽ കളിക്കാനെത്തിയപ്പോൾ മിഥുനായിരുന്നു ടീമിന്റെ ഡോക്ടർ. കൂടാതെ, ബെൽജിയത്തിലെ ആർഎസ്‌സി ആൻഡർലെക്റ്റ് ഫുട്ബോൾ ക്ലബ്, ഫ്രാൻസിലെ ഒളിമ്പിക് ലിയോണൈസ് ക്ലബ് എന്നിവയുടെ മെഡിക്കൽ ടീമുകളിൽ അംഗമായിരുന്നു.
കൊല്ലം നായേഴ്‌സ് ആശുപത്രിയിൽ ഓർത്തോ പീഡിക് സർജനാണ് ഡോ. മിഥുൻ കൃഷ്ണൻ. മാവേലിക്കര കോച്ചിക്കൽ വീട്ടിൽ കൃഷ്‌ണപിള്ളയുടെയും ശ്രീരഞ്ജിനി ദേവിയുടെയും മകനാണ്. ഭാര്യ ഡോ.രജിത കൃഷ്ണൻ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിൽ ഇഎൻടി വിദഗ്ധയാണ്.
ചെസ്സിനെയും ബോക്സിങ്ങിനെയും സംയോജിപ്പിച്ചു നടത്തുന്ന ഒരു സങ്കര മത്സരമാണ് ചെസ്സ് ബോക്സിംഗ്. ഇതിൽ മത്സരാർത്ഥികൾ ചെസ്സ്, ബോക്സിങ്ങ് എന്നിവയിൽ ഇടവിട്ട് മത്സരിക്കും. 11 റൗണ്ടുകൾ ഉളള ഈ കായിക ഇനത്തിൽ 6 റൗണ്ട് ചെസ്സും 5 റൗണ്ട് ബോക്സിങ്ങും നടക്കും. ചെസ്സിൽ ചെക്ക് മേറ്റ് ചെയ്യുകയോ ബോക്സിങ്ങിൽ നോക്ക് ഔട്ട് ചെയ്താലോ മത്സരാർത്ഥിക്ക് വിജയിക്കാൻ സാധിക്കും. 2009 മുതൽ ചെസ്സ് ബോക്സിങ് ഇന്ത്യയിൽ പ്രചാരത്തിലുണ്ട്.