ഫോം നഷ്ടമാവുന്നത് സർവസാധാരണം; കോലിക്ക് പിന്തുണയുമായി ഗാംഗുലി
ഫോമില്ലാതെ ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഫോം നഷ്ടമാവുന്നത് സർവസാധാരണമാണെന്ന് ഗാംഗുലിപറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ പ്രകടനം നോക്കിയാൽ അദ്ദേഹത്തിൻ്റെ കഴിവ് മനസ്സിലാവും. കഴിഞ്ഞ 12-13 വർഷങ്ങളായി കോലി മികച്ച പ്രകടനങ്ങളാണ് നടത്തുന്നതെന്നും ഗാംഗുലി പറഞ്ഞു.
കായിക രംഗത്ത് ഇതൊക്കെ സാധാരണയാണ്. ഇതൊക്കെ എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽകർക്കും രാഹുൽ ദ്രാവിഡിനും എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ഇത് ഭാവിയിൽ മറ്റ് താരങ്ങൾക്കും ലഭിക്കും. കായികരംഗത്ത് ഇതൊക്കെ സംഭവിക്കുന്നതാണ്. അത് മനസ്സിലാക്കി കളിക്കുക എന്നേയുള്ളൂ. കോലി തിരിച്ചുവരും എന്ന് എനിക്കുറപ്പുണ്ട്.”- ഗാംഗുലി പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോർഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ തന്നെ മൂന്നാം നമ്പറിൽ കളിച്ചേക്കും.
Read Also: രണ്ടാം ഏകദിനം ഇന്ന്: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; തിരിച്ചുവരാൻ ഇംഗ്ലണ്ട്
ആദ്യ മത്സരത്തിലെ തകർപ്പൻ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ, മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരികെയെത്തുകയാണ് ബട്‌ലറിൻ്റെയും സംഘത്തിൻ്റെയും ലക്ഷ്യം. പരമ്പരാഗതമായി പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് ലോർഡ്സിലേത്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത.
ഇരു ടീമുകളിലും മാറ്റങ്ങളുണ്ടായേക്കില്ല. കഴിഞ്ഞ മത്സരത്തിൽ ബൗളർമാരും ബാറ്റർമാരും ഒരുപോലെ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ട് ടീം മാറ്റിയേക്കില്ല.
അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയ്ക്ക് നേട്ടമായത്. മൂന്ന് സ്ഥാനങ്ങൾ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 44 സ്ഥാനങ്ങൾ കുതിച്ചുകയറിയ സൂര്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടി-20 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരമാണ് സൂര്യ. 732 ആണ് സൂര്യയുടെ റേറ്റിംഗ്.