ഐപിഎൽ; ജയം തുടരാൻ കൊൽക്കത്തയും ഹൈദരാബാദും ഇന്നിറങ്ങും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ഇരു ടീമുകളും ഇന്ന് ജയം തുടരാനാണ് ഇറങ്ങുക.
റിങ്കു സിംഗ് ഫിനിഷിംഗ് ഹാങ്ങോവറിലാവും കൊൽക്കത്ത ഇറങ്ങുക. അവസാന അഞ്ച് പന്തിൽ വേണ്ട 28 റൺസ് വിജയലക്ഷ്യം അഞ്ച് സിക്സറിലൂടെ എത്തിപ്പിടിച്ച റിങ്കു ഒരൊറ്റ ഇന്നിംഗ്സ് കൊണ്ട് തിരുത്തിയെഴുതിയത് പല റെക്കോർഡുകളാണ്. ആ വിജയം കൊൽക്കത്തയ്ക്ക് വലിയ ആത്‌മവിശ്വാസമാണ്. ലോവർ ഓർഡറിൽ റിങ്കു സിംഗും ശാർദുൽ താക്കൂറും ഉൾപ്പെടെയുള്ള താരങ്ങൾ ഗംഭീര പ്രകടനങ്ങൾ നടത്തുന്നു എന്നത് അവർക്ക് ഊർജം നൽകും. വെങ്കടേഷ് അയ്യർ ഫോമിലേക്ക് തിരികെയെത്തിയതും നിതീഷ് റാണ മികച്ച ഇന്നിംഗ്സ് കളിച്ചതും കൊൽക്കത്തയുടെ ബാറ്റിംഗ് പരാധീനതകൾക്ക് ഒരു പരിധിവരെ പരിഹാരമാണ്. ഹോട്ട് ആൻഡ് കോൾഡ് ഫോമിലുള്ള റഹ്‌മാനുള്ള ഗുർബാസിനു പകരം ജേസൻ റോയ് കളിച്ചേക്കും. മറ്റ് മാറ്റങ്ങളുണ്ടാവില്ല. സുയാഷ് ശർമയോ വെങ്കടേഷ് അയ്യരോ ആവും ഇംപാക്ട് സബ്.
കടലാസിൽ വളരെ കരുത്തുറ്റ ടീമാണ് സൺറൈസേഴ്സ്. റിസോഴ്സുകൾ പരിഗണിക്കുമ്പോൾ ലീഗിലെ ഏറ്റവും മികച്ച സ്ക്വാഡ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപിടി സൂപ്പർ സ്റ്റാറുകൾ. കഴിഞ്ഞ മത്സരത്തിൽ ഇവരൊക്കെ തങ്ങളുടെ കഴിവിനൊത്തുയർന്നത് സൺറൈസേഴ്സിന് പോസിറ്റീവാണ്. ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ എന്നിവർ കൂടി ഫോമിലേക്കുയർന്നാൽ ഹൈദരാബാദ് എതിരാളികളില്ലാതെ കുതിയ്ക്കും. സ്വയം തേച്ചുമിനുക്കിയെത്തിയ മായങ്ക് മാർക്കണ്ഡേ ഉറപ്പായും എതിർ താരങ്ങൾക്ക് ഭീഷണിയാണ്. ടീമിൽ മാറ്റങ്ങളുണ്ടാവാനിടയില്ല. മാർക്കണ്ഡേയോ അബ്ദുൽ സമദോ ഇംപാക്ട് സബ് ആയി എത്തും.