പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ഇന്ന്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് 1.30 നാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു. ജയം അനിവാര്യമായ ശ്രീലങ്കയ്‌ക്ക് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്.
ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും ഏകദിന മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയസ് അയ്യർ ടീമിൽ തുടരും. ഇഷാൻ കിഷൻ കളിക്കാത്തതിനാൽ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്ത് ഇറങ്ങും. ടി20യിൽ ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത സൂര്യകുമാർ യാദവിന് മത്സരം നഷ്ടമാകും എന്നാണ് ഇതിനർത്ഥം.
ബൗളിംഗ് നിരയിലെ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ആദ്യ കളിയിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻമാരെ എറിഞ്ഞിട്ട പേസർമാർ മികച്ച ഫോമിലാണ്. നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്‌ത്താനുള്ള യുസ്വേന്ദ്ര ചാഹലിൻ്റെ കഴിവും അക്‌സർ പട്ടേലിന്റെ ഓൾറൗണ്ട് ഫോമും കണക്കിലെടുത്ത് ഇരുവരും ടീമിൽ ഉണ്ടാകാനാണ് സാധ്യത.
ഇതിനുമുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരുടീമുകളും ഏകദിനത്തില്‍ ഏറ്റുമുട്ടിയത് 2014-ല്‍ ആയിരുന്നു. അന്ന് രോഹിത് 264 റണ്ണെന്ന ലോകറെക്കോഡ് സ്‌കോര്‍ നേടി ചരിത്രത്തിൽ ഇടംപിടിച്ചു. അതേസമയം ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ഇടം കൈയന്‍ പേസര്‍ ദില്‍ഷന്‍ മധുഷാന്‍ക ഇന്നു കളത്തിലിറങ്ങുമോയെന്നു വ്യക്‌തമല്ല. മധുഷാന്‍ക പരുക്കില്‍ നിന്നു മുക്‌തനായില്ലെങ്കില്‍ ലാഹിരു കുമാര പകരമെത്തും.