ഗില്ലാട്ടത്തിനൊപ്പം കോലിയുടെ തിരിച്ചുവരവ്; നാലാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റൺസ് എടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗിൽ വിരാട് കോലി എന്നിവരുടെ മികവാണ് ഇന്ത്യൻ തിരിച്ചു വരവിന് വഴി ഒരുക്കിയത്. നിലവിൽ ഓസ്ട്രേലിയയുടെ ആദ്യ സ്കോറിനേക്കാൾ 191 റൺസ് മാത്രം പിന്നിലാണ് ടീം.
36 റണ്‍സില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ഗില്ലും നല്‍കിയത്. സ്കോര്‍ 74-ല്‍ നില്‍ക്കെ 35 റണ്‍സെടുത്ത രോഹിതിനെ മടക്കി മാത്യു കുഹ്നെമാന്‍ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. ചേതേശ്വര്‍ പൂജാര-ഗില്‍ സംഖ്യം 113 റൺസ് കൂടി കൂട്ടിച്ചേർത്തു. 42 റൺസെടുത്ത പൂജാരയെ ടോഡ് മര്‍ഫി പുറത്താക്കി. ഇതിനിടെ 62-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയും തികച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയാണിത്.
തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയ ഗില്ലിനെ നാഥാന്‍ ഔട്ടാക്കി. 235 പന്തില്‍ 12 ഫോറും ഒരു സിക്സും ഉൾപ്പെടെ 128 റൺസാണ് ഗിൽ സ്വന്തമാക്കിയത്. ഏറെ നാളുകൾക്കു ശേഷം വിരാട് കോലിയുടെ ഒരു മാസ്മരിക തിരിച്ചുവരവാണ് അഹമ്മദാബാദ് പിന്നീട് കണ്ടത്. 2022 ന് ശേഷം ആദ്യ അര്‍ധ സെഞ്ചുറി കുറിക്കാന്‍ മുൻ നായകന് കഴിഞ്ഞു. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 59 റൺസുമായി കോലിയും 16 റണ്‍സെടുത്ത ജഡേജയുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 480 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.