കാൻസർ ആശുപത്രിക്ക് എമിലിയാനോ മാർട്ടിനെസിന്‍റെ കൈത്താങ്ങ്; ലോകകപ്പിലെ ഗ്ലൗവ് ലേലത്തിൽ വിറ്റു
കുട്ടികളുടെ കാൻസർ ആശുപത്രിയെ സഹായിക്കാനായി ഖത്തർ ലോകകപ്പിൽ ധരിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് അർജന്‍റൈൻ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ്. അർജന്റീനയുടെ കിരീട നേട്ടത്തിൽ മെസിയോളം പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനെസ്. ഫൈനലിൽ ഫ്രാൻസുമായുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായി മാറിയ ഗ്ലൗസുകൾ ലേലത്തിൽ പോയത് 45,000 ഡോളറിനാണ്.
കാൻസർ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്കാണ് താരത്തിന്റെ സംഭാവന. വെള്ളിയാഴ്ച ഓൺലൈനിലൂടെയാണ് ലേല നടപടികൾ നടന്നത്. തന്‍റെ കൈയൊപ്പോടു കൂടിയാണ് താരം ഗ്ലൗവ് ലേലത്തിനായി കൈമാറിയത്. 36.8 ലക്ഷം രൂപക്കാണ് ഒടുവിൽ ഗ്ലൗവ് വിറ്റുപോയത്. അര്‍ജന്റീന പീഡിയാട്രിക്ക് ഫൗണ്ടേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്.
ലേലത്തിൽ ലഭിച്ച ഈ മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി താരം കൈമാറി. കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതല്ല ലോകകപ്പ് നേടിയ ഗ്ലൗസുകളെന്ന് താരം ലേലത്തിന് ശേഷം പ്രതികരിച്ചു. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും ഫിഫ ദ ബെസ്റ്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമി സ്വന്തമാക്കിയിരുന്നു.