Thursday, April 17, 2025
Sports

അഹ്‌മദാബാദ് ടെസ്റ്റ് ഇന്നുമുതൽ; ജയം മാത്രം ലക്ഷ്യമിട്ട് ഓസീസ്, ഇന്ത്യക്ക് വേണ്ടത് സമനില

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നുമുതൽ. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരം കാണാനെത്തും. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി.

വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിനു പകരമെത്തിയ കെഎസ് ഭരത് അണ്ടർ ഫയർ ചെയ്യുന്ന സാഹചര്യത്തിൽ ഇഷാൻ കിഷൻ ഇന്ന് അരങ്ങേറിയേക്കും. ആക്രമിച്ചുകളിക്കാൻ മിടുക്കനായ കിഷനെ ആ തരത്തിൽ ഉപയോഗിക്കാനാവും ടീം ഇന്ത്യ ശ്രമിക്കുക. എന്നാൽ, ഭരതിൻ്റെ പ്രകടനത്തിൽ തൃപ്തരാണെന്ന് രോഹിതും ദ്രാവിഡും അറിയിച്ചതിനാൽ താരം ടീമിൽ തുടരാനും ഇടയുണ്ട്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഭരത് പരമ്പരയിൽ മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്തു.

മുൻ മത്സരങ്ങളിലെ പിച്ചുകൾ പോലെയല്ല അഹ്‌മദാബാദിലേത് എന്നാണ് സൂചനകൾ. അഹ്‌മദാബാദിൽ ഒരുക്കിയിരിക്കുന്നത് സ്പോർട്ടിങ്ങ് വിക്കറ്റാണെന്നും മുൻ മത്സരങ്ങളിലേതുപോലെ സ്പിന്നർമാരെ അകമഴിഞ്ഞ് സഹായിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ മാറ്റമുണ്ടായേക്കും.

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഈ മത്സരത്തിലും കളിക്കില്ല. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തന്നെ ഓസീസിനെ നയിക്കും. അമ്മയ്ക്ക് അസുഖമായതിനാൽ ഓസ്ട്രേലിയയിലേക്ക് തിരികെ പോയ കമ്മിൻസിൻ്റെ അഭാവത്തിൽ സ്‌മിത്താണ് മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. സ്‌മിത്തിൻ്റെ ക്യാപ്റ്റൻസി ഏറെ അഭിനന്ദനങ്ങളും ഏറ്റുവാങ്ങി.

മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *