‘ഒരു വൃക്കയുമായി ജീവിച്ചാണ് ഞാന്‍ ലോകത്തിന്റെ ഉന്നതിയില്‍ എത്തിയത്’; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്
ലോക അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. ഇപ്പോഴിതാ അഞ്ജു ബോബി ജോര്‍ജ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ കായികപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു വൃക്കയുമായി ജീവിച്ചാണ് താന്‍ ലോകതലത്തില്‍ ഉന്നതിയിലെത്തിയതെന്ന് അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ വളരെ കുറച്ചുപേരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചവളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു, അത് ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്ത് അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്തു.
ജനിച്ചപ്പോള്‍ തന്നെ അഞ്ജുവിന് ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലത്തിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും നിരവധി മെഡലുകള്‍ നേടിയപ്പോള്‍ ഇക്കാര്യമറിയില്ലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പോയപ്പോള്‍ സ്‌കാന്‍ ചെയ്തിരുന്നു. അപ്പോഴാണ് തനിക്ക് ഒരു വൃക്ക മാത്രമേ ഉള്ളൂ എന്ന കാര്യം അറിയുന്നത്.
കായികമന്ത്രി കിരണ്‍ റിജിജു അഞ്ജുവിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തി. ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്നും കഠിന പ്രയത്നത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും കിരണ്‍ റിജിജു റിട്വീറ്റ് ചെയ്തു.