ആര്‍സിബിക്ക് ഇത്തവണയുമില്ല; കോലിപ്പട കീഴടങ്ങി: എസ്ആര്‍എച്ച് മുന്നോട്ട്
അബുദാബി: ഐപിഎല്ലില്‍ കന്നിക്കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ സ്വപ്‌നം ഇത്തവണും പൂവണിഞ്ഞില്ല. കിരീടത്തിന് രണ്ടു മല്‍സരമകലെ കോലിപ്പടയ്ക്കു കാലിടറി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആര്‍സിബിക്കു മടക്കടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ബൗളിങ് കരുത്തിലാണ് ആര്‍സിബിയെ എസ്ആര്‍എച്ച് മുട്ടുകുത്തിച്ചത്. ആറു വിക്കറ്റിനായിരുന്നു എസ്ആര്‍എച്ചിന്റെ ജയം. ഇനി ക്വാളിഫയര്‍ രണ്ടില്‍ ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി എസ്ആര്‍എച്ച് ഏറ്റുമുട്ടും
ആര്‍സിബിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ എസ്ആര്‍എച്ച് പകുതി ജയിച്ചിരുന്നു. 131 റണ്‍സെന്ന ചെറിയ ടോട്ടലില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ എസ്ആര്‍എച്ചിനു കഴിഞ്ഞു. മറുപടിയില്‍ നാലു വിക്കറ്റുകളും രണ്ടു പന്തും ബാക്കിനില്‍ക്കെ എസ്ആര്‍എച്ച് ലക്ഷ്യത്തിലെത്തി. മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ (50*) ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ പതറിയ എസ്ആര്‍എച്ചിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 44 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. 20 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 24 റണ്‍സുമായി ജാസണ്‍ ഹോള്‍ഡര്‍ വില്ല്യംസണിനൊപ്പം പുറത്താവാതെ നിന്നു.
മനീഷ് പാണ്ഡെ (24), നായകന്‍ ഡേവിഡ് വാര്‍ണര്‍ (17), ശ്രീവത്സ് ഗോസ്വാമി (0), പ്രിയം ഗാര്‍ഗ് എന്നിവരാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ എസ്ആര്‍എച്ച് നാലു വിക്കറ്റിന് 67 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വില്ല്യംസണ്‍- ജാസണ്‍ ഹോള്‍ഡര്‍ ജോടി 65 റണ്‍സിന്റെ അപരാജിത അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ആര്‍സിബിക്കു വേണ്ടി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാറ്റിങ് നിരയെ ഗംഭീര പ്രകടനത്തിലൂടെ വരിഞ്ഞുമുറുക്കി. ഏഴു വിക്കറ്റിന് 131 റണ്‍സെടുക്കാനേ ആര്‍സിബിക്കായുള്ളൂ. ആര്‍സിബി നിരയില്‍ രണ്ടു പേര്‍ മാത്രമേ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെയും (56) ആരോണ്‍ ഫിഞ്ചിന്റെയും (32) ഇന്നിങ്‌സുകളാണ് ആര്‍സിബിയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 43 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു എബിഡിയുടെ ഇന്നിങ്‌സ്. ഫിഞ്ച് 30 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും നേടി. നായകന്‍ വിരാട് കോലി (6), ദേവ്ദത്ത് പടിക്കല്‍ (1), മോയിന്‍ അലി (0), ശിവം ദുബെ (8), വാഷിങ്ടണ്‍ സുന്ദര്‍ (5), എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറില്‍ പുറത്തായി. മൂന്നു വിക്കറ്റെടുത്ത ജാസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ടി നടരാജനും ചേര്‍ന്നാണ് ആര്‍സിബിയെ എറിഞ്ഞൊതുക്കിയത്.
ടോസ് ലഭിച്ച എസ്ആര്‍എച്ച് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ ബൗളിങ് തന്നെ തിരഞ്ഞെടുത്തു. മാറ്റങ്ങളുമായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പരിക്കു കാരണം ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹ എസ്ആര്‍എച്ച് നിരയില്‍ ഇല്ലായിരുന്നു. പകരം ശ്രീവത്സ് ഗോസ്വാമി ടീമിലെത്തി. മറുഭാഗത്ത് ആര്‍സിബി ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ ക്രിസ് മോറിസ് പിന്‍മാറിയപ്പോള്‍ പകരം ആദം സാംപ ഇടംനേടി. ജോഷ് ഫിലിപ്പെയ്ക്കു പകരം ആരോണ്‍ ഫിഞ്ചും ഷഹബാസ് അഹമ്മദിനു പകരം നവദീപ് സെയ്‌നിയും കളിച്ചു.
മുന്‍ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു സര്‍പ്രൈസ് മാറ്റവുമായാണ് ആര്‍സിബി ബാറ്റ് ചെയ്യാനെത്തിയത്. മിന്നുന്ന ഫോമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത് നായകന്‍ കോലിയായിരുന്നു. ആരോണ്‍ ഫിഞ്ചിനു തന്റെ സ്ഥാനം നല്‍കിയാണ് കോലി ഓപ്പണിങിലേക്കു മാറിയത്.
പക്ഷെ ഈ പരീക്ഷണം പരാജയമായി മാറി. രണ്ടാം ഓവറില്‍ തന്നെ കോലി മടങ്ങി. ജാസണ്‍ ഹോള്‍ഡറിനായിരുന്നു വിക്കറ്റ്. കുത്തിയുയര്‍ന്ന ബോള്‍ ഓണ്‍സൈഡിലേക്കു കളിക്കാനായിരുന്നു കോലിയുടെ ശ്രമം. പക്ഷെ അപ്രതീക്ഷിത ബൗണ്‍സ് കണക്കുകൂട്ടല്‍ തെറ്റിച്ചു. ഗ്ലൗവില്‍ ഉരസി ലെഗ്‌സൈഡിലേക്കു വഴിമാറിയ പന്ത് വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിയുടെ കൈകളില്‍ അവസാനിച്ചു.