നീരജ് അവസാനിപ്പിച്ചത് നൂറ്റാണ്ടിന്റെ കാത്തിരിപ്പ്
ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് ട്രാക്കിൽ നിന്ന് ഇന്ത്യയൊരു സ്വർണം നേടുമ്പോൾ വർഷം 1900. അതിന് ശേഷം ഒളിമ്പിക്‌സുകൾ ഏറെ നടന്നെങ്കിലും ഒളിമ്പിക്‌സിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ അത്‌ലറ്റിക്‌സിൽ നിന്ന് മെഡൽ ലഭിക്കാൻ കാത്തിരുന്നത് ഒരു നൂറ്റാണ്ടിലേറെ. മിൽഖാ സിങും പിടി ഉഷയുമൊക്കെ ചരിത്രത്തിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും റെക്കോർഡ് സ്ഥാപിക്കാനായത് സുബേധാർ നീരജ് ചോപ്രയെന്ന 23കാരന്. അതും സ്വർണം തന്നെ നേടി.
1900ലെ പാരീസ് ഒളിമ്പിക്‌സിലായിരുന്നു ഇന്ത്യക്ക് അത്‌ലറ്റിക്സിലൊരു മെഡല്‍ ലഭിക്കുന്നത്. അന്ന് ഇംഗ്ലീഷുകാരൻ നോർമൽ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ കൊണ്ടുവന്നത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഈ മെഡൽ നേട്ടം ഇന്ത്യുടെ ക്രെഡിറ്റിൽ ചേർക്കുന്നുണ്ടെങ്കിലും ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ(ഐ.എ.എഫ്) നോർമൽ പ്രിച്ചാർഡ് ഗ്രേറ്റ് ബ്രിട്ടിന് വേണ്ടി മത്സരിച്ചതായാണ് കാണിക്കുന്നത്. അതിന് ശേഷം മിൽഖാസിങിനും മലയാളി താരം പിടി ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബേബിജോർജിന് അഞ്ചാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ പിടി ഉഷ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാനൂറു മീറ്റർ ഓട്ടത്തിൽ 1960ലെ റോം ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റർ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയിൽ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. അവിടുന്നങ്ങോട്ട് മുതൽ അത്‌ലറ്റ്‌സിൽ ഇന്ത്യക്ക് പ്രതീക്ഷയേകുന്ന പ്രകടനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ നീരജ് ചോപ്ര പൊന്നുകൊണ്ട് തന്നെ അവസാനിപ്പിച്ചിരിക്കുന്നത്.
87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയായ നീരജ് ചോപ്ര സ്വര്‍ണം നേടിയിരിക്കുന്നത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും ഈ ഹരിയാനക്കാരനായി. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെയാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.