വനിതാ ദിനത്തിൽ സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡബ്ല്യുപിഎൽ
വനിതാ ദിനത്തിൽ സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് വിമൻസ് പ്രീമിയർ ലീഗ്. മാർച്ച് എട്ടിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ജയൻ്റ്സും തമ്മിൽ ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. വനിതാ പ്രീമിയർ ലീഗ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ മാസം നാലാം തിയതി ആരംഭിച്ച വനിതാ പ്രീമിയർ ലീഗ് ഗംഭീരമായി മുന്നോട്ടുപോവുകയാണ്. വമ്പൻ സ്കോറുകളും അവസാന ഓവർ ഫിനിഷുകളും ഉൾപ്പെടെ കുട്ടി ക്രിക്കറ്റിൻ്റെ ആവേശമെല്ലാം ഡബ്ല്യുപിഎലിൽ നിറഞ്ഞുനിൽക്കുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും വമ്പൻ ജയം കുറിച്ച മുംബൈ ഇന്ത്യൻസാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്.
ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുംബൈ 9 വിക്കറ്റിനു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ 155 റൺസിനൊതുക്കിയ മുംബൈ 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിലും (3 വിക്കറ്റ്) ബാറ്റിംഗിലും (38 പന്തിൽ 77 നോട്ടൗട്ട്) തിളങ്ങിയ ഹേലി മാത്യൂസ് ആണ് മുംബൈയുടെ വിജയശില്പി. നാതലി ബ്രൻ്റ് (29 പന്തിൽ 55 നോട്ടൗട്ട്), യസ്തിക ഭാട്ടിയ (19 പന്തിൽ 23) എന്നിവരും മുംബൈക്കായി തിളങ്ങി. പ്രീതി ബോസ് ആണ് ബാംഗ്ലൂരിനായി വിക്കറ്റ് വീഴ്ത്തിയത്. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ബാംഗ്ലൂർ ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 18.4 ഓവറിൽ 155 റൺസിന് ഓളൗട്ടായി. മുന്നേറ്റ നിര നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയും വാലറ്റവുമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റിച്ച ഘോഷ് ആണ് ആർസിബിയുടെ ടോപ്പ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി ഹേലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്ന് മുംബൈ ഡി-വൈ പാട്ടിൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് യുപി വാരിയേഴ്സിനെ നേരിടും. തങ്ങളുടെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചിരുന്നു. ഡൽഹി ആർസിബിയെ അനായാസം കീഴടക്കിയപ്പോൾ ഗുജറാത്ത് ജയൻ്റ്സിനെതിരെ അവസാന ഓവറിലാണ് യുപി വിജയിച്ചത്.