Monday, January 6, 2025
Sports

ആദ്യം തകർത്തെറിഞ്ഞു, പിന്നെ തകർത്തടിച്ചു; സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യക്ക് അനായാസ ജയം

 

സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. വിജയലക്ഷ്യമായ 86 റൺസ് ഇന്ത്യ കേവലം 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും യാതൊരു ദാക്ഷിണ്യവുമില്ലാതെ സ്‌കോട്ടിഷ് ബൗളർമാരെ പ്രഹരിച്ചപ്പോൾ ഇന്ത്യക്ക് 86 റൺസിലേക്ക് എത്താൻ കേവലം 39 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. 6.3 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു.

ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അഞ്ചോവറിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. 16 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 30 റൺസെടുത്ത രോഹിത് ശർമ അഞ്ചാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. അതേസമയം രാഹുൽ മറുവശത്ത് തകർത്തടിക്കുകയായിരുന്നു. 18 പന്തിൽ രാഹുൽ അർധശതകം സ്വന്തമാക്കി. വിജയത്തിന് നാല് റൺസ് അകലെയാണ് രാഹുൽ വീണത്

19 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 50 റൺസാണ് രാഹുൽ എടുത്തത്. നായകൻ വിരാട് കോഹ്ലി 2 റൺസുമായും സൂര്യകുമാർ യാദവ് ആറ് റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാൻഡ് 17.4 ഓവറിൽ 85 റൺസിന് ഓൾ ഔട്ടായി.  ടോസ് നേടിയ വിരാട് കോഹ്ലി സ്‌കോട്ട്‌ലാൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുഹമ്മദ് ഷമിയുടെയും രവീന്ദ്ര ജഡേജയുടെയും നേതൃത്വത്തിൽ നടന്ന വിക്കറ്റ് വേട്ടയാണ് സ്‌കോട്ട്ലാൻഡിനെ 100ൽ താഴെ റൺസിലൊതുക്കിയത്.

മൂന്നാം ഓവറിൽ തന്നെ ബുമ്ര വിക്കറ്റ് വേട്ടക്ക് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. 24 റൺസെടുത്ത ഓപണർ ജോർജ് മൻസെയും 21 റൺസെടുത്ത മിച്ചൽ ലീസ്‌കിനും മാത്രമേ സ്‌കോട്ടിഷ് ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നുള്ളു

 

കാലം മക് ലിയോഡ് 16 റൺസും മാർക്ക് വാട്ട് 14 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര രണ്ടും അശ്വിൻ ഒരു വിക്കറ്റുമെടുത്തു

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *