രാഹുലിന് സെഞ്ച്വറി, കോഹ്ലിക്കും, പന്തിനും അർധശതകം; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് അടിച്ചുകൂട്ടി. കെ എൽ രാഹുലിന്റെ സെഞ്ച്വറിയും വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകർച്ചയോടെയാണ് ഇന്ത്യ ആരംഭിച്ചത്. സ്‌കോർ 37 എത്തുമ്പോഴേക്കും രണ്ട് ഓപണർമാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ധവാൻ 4 റൺസിനും രോഹിത് 25 റൺസിനും പുറത്തായി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുലും കോഹ്ലിയും ചേർന്ന് സ്‌കോർ 158 വരെ എത്തിച്ചു
79 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 66 റൺസെടുത്ത കോഹ്ലി പുറത്തായതിന് ശേഷമാണ് ഇന്ത്യൻ സ്‌കോറിംഗിന്റെ വേഗത കൂടിയത്. 40 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 3ന് 210 റൺസ് എന്ന നിലയിലായിരുന്നു. അവസാന പത്ത് ഓവറിൽ ഇന്ത്യ അടിച്ചൂകൂട്ടിയത് 126 റൺസാണ്.
സ്‌കോർ 271 ൽ നിൽക്കെ രാഹുൽ പുറത്തായി. 114 പന്തിൽ രണ്ട് സിക്‌സും 7 ഫോറും സഹിതം 108 റൺസാണ് രാഹുൽ എടുത്തത്. റിഷഭ് പന്ത് 40 പന്തിൽ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 77 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വീണത്. 16 പന്തിൽ നാല് സിക്‌സും ഒരു ഫോറും സഹിതം 35 റൺസാണ് പാണ്ഡ്യ എടുത്തത്. കൃനാൽ പാണ്ഡ്യ 12 റൺസുമായി പുറത്താകാതെ നിന്നു.