യുഎസ് ഓപ്പൺ; നദാലിനെ അട്ടിമറിച്ച് ഫ്രാൻസിസ് ടിയാഫോ
യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെതിരെ അട്ടിമറി ജയവുമായി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. ആർതർ ആഷെ സ്റ്റേഡിയത്തിൽ 22-ാം സീഡായ ടിയാഫോ 6-4, 4-6, 6-4, 6-3 എന്ന സ്കോറിന് 22 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ നദാലിനെ പരാജയപ്പെടുത്തി. ബുധനാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ആൻഡ്രി റൂബ്ലെവിനെ നേരിടും.
മൂന്ന് മണിക്കൂറും 34 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-4, 4-6, 6-4, 6-3 എന്ന സ്‌കോറിനാണ് ടിയാഫോ നദാലിനെ തകർത്ത് ക്വാർട്ടർ ഫൈനലിലെത്തിയത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫ്രാൻസിസ് കാഴ്ചവച്ചത്. ജയത്തോടെ, 19 വർഷത്തിനിടെ യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യത്തെ ഹോം കളിക്കാരനാകുക എന്ന സ്വപ്നങ്ങൾ ടിയാഫോ സജീവമാക്കി.
2018-ൽ ജോൺ ഇസ്‌നറിന് ശേഷം ന്യൂയോർക്കിൽ അവസാന എട്ടിൽ ഇടം നേടിയ ആദ്യ അമേരിക്കൻ താരമായും, 2006-ൽ ആൻഡി റോഡിക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ടിയാഫോ മാറി. അതേസമയം ഒമ്പതാം സീഡായ ആൻഡ്രി റൂബ്ലെവ് 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് കാമറൂൺ നോറിനെ പരാജയപ്പെടുത്തിയത്.