Tuesday, January 7, 2025
Sports

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സ് ജയവുമായി ഇന്ത്യ; അശ്വിനും പട്ടേലിനും അഞ്ച് വിക്കറ്റ് വീതം

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഇന്നിംഗ്‌സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. പതിവ് പോലെ സ്പിന്നർമാരുടെ മികവിലാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും ഇന്ത്യ പ്രവേശിച്ചു

ഇന്ത്യക്കായി അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ അഞ്ച് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 365 റൺസിന് ഓൾ ഔട്ടായിരുന്നു. 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 205 റൺസിന് പുറത്തായിരുന്നു

രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 30ന് റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണു. പിന്നീട് കൃത്യമായ ഇടവേളകളിൽ അക്‌സറും അശ്വിനും വിക്കറ്റ് വേട്ട തുടർന്നതോടെ 135 റൺസിന് ഇംഗ്ലണ്ട് പട കൂടാരം കയറി

ഇംഗ്ലണ്ടിനായി ഡാൻ ലോറൻസ് 50 റൺസെടുത്തു. ജോ റൂട്ട് 30 റൺസും ഓലി പോപ് 15, ബെൻ ഫോക്‌സ് 13ഉം റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *