ബൗളർമാർ മിന്നലായി; ഒന്നാം ഏകദിനത്തിൽ വിൻഡീസ് 176ന് പുറത്ത്
അഹമ്മദാബാദിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ മൂന്നക്കം കടക്കില്ലെന്ന് തോന്നിയ വിൻഡീസിനെ ജേസൺ ഹോൾഡറാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
13 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസ് 71 റൺസിനിടെ 5 വിക്കറ്റും 79 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റും വീണ് പതറിയിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച ജേസൺ ഹോൾഡറും ഫാബിയൻ അലനും ചേർന്ന് സ്‌കോർ 157 വരെ എത്തിച്ചു. ഫാബിയൻ അലൻ 29 റൺസിനും ഹോൾഡർ 57 റൺസിനും വീണു. 71 പന്തിൽ നാല് സിക്‌സുകൾ സഹിതമാണ് ഹോൾഡർ അർധ സെഞ്ച്വറി കണ്ടെത്തിയത്.
ഡാരൻ ബ്രാവോ 18 റൺസും ബ്രൂക്‌സ് 12, ബ്രാൻഡൻ കിംഗ് 13, അൽസാരി ജോസഫ് 13 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി ചാഹൽ നാല് വിക്കറ്റുകൾ വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.