വിഷാദം, മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60-ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30-നാണ് മറഡോണ 60-ാം ജന്മദിനം ആഘോഷിച്ചത്. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ മറഡോണ മടങ്ങി.
അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത് വഴിവെച്ചിരുന്നു. മറഡോണയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന വിധമുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ തള്ളിയിട്ടുണ്ട്