Thursday, January 23, 2025
Sports

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മേഴ്സിക്കുട്ടൻ ഉടൻ രാജിവെയ്ക്കും; കായിക മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷം

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്സിക്കുട്ടൻ ഉടൻ രാജിവെയ്ക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡന്റിനോടും ആറ് സ്റ്റാൻഡിം​ഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയൻ പാർട്ടി നിർദ്ദേശം നൽകി. കായിക മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. 2019ൽ ടി.പി. ദാസന്റെ പിൻഗാമിയായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്.

കായിക താരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന വിമർശനം മേഴ്സിക്കുട്ടൻ ഉന്നയിച്ചിരുന്നു. കായിക താരങ്ങൾക്ക് സാമ്പത്തിക സൗകര്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.

സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്ത് ഏതെങ്കിലും കായികതാരം തന്നെ ഉണ്ടാവണമെന്ന മുൻ കായികമന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമായിരുന്നു മേഴ്സിക്കുട്ടന്റെ നിയമനം. പ്രസിഡന്റ് പദവിയിൽ 5 വർഷം പൂർത്തിയാക്കാൻ ഒരു വർഷം കൂടി മേഴ്സിക്കുട്ടന് ബാക്കിയുണ്ടായിരുന്നു. തന്റെ രാജിക്കാര്യം സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മേഴ്‌സിക്കുട്ടന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *