തിരുവനന്തപുരം നഗരസഭയ്ക്ക് ജനറൽ/ എസ്.സി, എസ്.ടി സ്പോർട്സ് ടീമുകൾ; രൂക്ഷ ഭാഷയിൽ വിമർശിച്ച് സണ്ണി എം. കപിക്കാട്
തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങൾക്കായി നഗരസഭ ഏർപ്പെടുത്തിയ ടീമിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തതോടെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് . ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്പോർട്സിനെയും എസ്.സി, എസ്.ടി ജനവിഭാഗങ്ങളെയും മേയർ അപമാനിച്ചിരിക്കുകയാണെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു. പറഞ്ഞു. വളരെ അലസമായ ജാതിബോധമാണ് മേയറെ ഭരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. അത് തിരുത്താൻ മേയർ ആര്യ രാജേന്ദ്രൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കറുത്ത വർഗക്കാരാണ് എപ്പോഴും കായിക ഇനങ്ങളിൽ ആധിപത്യം പുലർത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ എസ്.സി, എസ്,ടി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അവിടെ എന്തൊക്കെ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് മേയർക്ക് യാതൊരു ധാരണയുമില്ല. പട്ടികജാതി ഫണ്ട് തട്ടാനായാണ് എസ്.സി, എസ്,ടി വിഭാഗക്കാർക്കുവേണ്ടി മാത്രമായി സ്പോർട്സ് ടീം രൂപീകരിക്കുന്നത്. ഇതിന്റെ പേരിലുള്ള മുഴുവൻ ചെലവും പട്ടികജാതി വകുപ്പ് നൽകണമെന്ന് ഇനി അവർക്ക് ആവശ്യപ്പെടാം.
ഇത്ര വലിയ തട്ടിപ്പുസംഘമാണ് കേരളം ഭരിക്കുന്നത്. ഈ വിവാദ തീരുമാനം പിൻവലിച്ച് മേയർ കേരളത്തോട് മാപ്പുപറയണം. കായിക ഇനങ്ങളിൽ പങ്കെടുക്കാൻ കായിക ക്ഷമതയാണ് വേണ്ടത്. അല്ലാതെ കറുത്തിരിക്കണം, വെളുത്തിരിക്കണം എന്നൊന്നും എവിടെയും പറയുന്നില്ല. ഈ തരംതിരിവിലൂടെ
പട്ടിക വിഭാഗങ്ങളെ അപമാനിക്കുകയാണ്. സ്പോർട്സിൽ പോലും സംവരണം കൊടുത്താലേ ഇവർ ഉയർന്നു വരുകയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും സണ്ണി എം. കപിക്കാട് ആഞ്ഞടിച്ചു.