ബട്‌ലര്‍ക്ക് സെഞ്ചുറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യമല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 55 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനെ കഴിഞ്ഞൂള്ളൂ. ജയത്തോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഒരു മല്‍സരം മാത്രം ജയിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തു തന്നെ തുടരുന്നു. വാര്‍ണര്‍ ഇല്ലാതെ കാനെ വില്ല്യംസണിന് കീഴില്‍ ഇറങ്ങിയ ഹൈദരാബാദിന് ഇന്നും രക്ഷ ഉണ്ടായില്ല. മനീഷ് പാണ്ഡെയാണ് (31) ടോപ് സ്‌കോറര്‍. ബെയര്‍സ്‌റ്റോ (30), വില്ല്യംസണ്‍ (20), കേദര്‍ ജാദവ് (19), നബി (10) എന്നിവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. രാജസ്ഥാനായി ക്രിസ് മോറിസ്, മുസ്തഫിസുര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ജോസ് ബട്‌ലറുടെ കന്നി ഐപിഎല്‍ സെഞ്ചുറിയുടെ (124) മികവിലായിരുന്ന രാജസ്ഥാന്റെ കൂറ്റന്‍ സ്‌കോര്‍. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍ആര്‍ 220 റണ്‍സ് നേടിയത്. 33 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാനായി തിളങ്ങിയ മറ്റൊരു താരം. 64 പന്തില്‍ എട്ട് സിക്‌സും 11 ഫോറും അടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്‌സ്.