മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി
റിയാദ്: മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്.
ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പള്ളികളില്‍ പ്രവേശിക്കാം. കോവിഡ് വ്യാപനത്തിന് രാജ്യത്ത് ഏറെക്കുറെ ശമനം വന്ന സാഹചര്യത്തിലാണ് തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, സമൂഹ അകല പാലന നിബന്ധനകള്‍ ഒഴിവാക്കിയതും കോവിഡ് പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലഘൂകരിച്ചതും.