ഈ വർഷത്തെ ഹജ്ജ് ക്രമീകരണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും
റിയാദ്: കൊറോണ വൈറസിന്റെ തുടര്‍ച്ചയായ വകഭേദം, വൈറസ് വ്യാപനമുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തതയില്ലായ്മ, പല രാജ്യങ്ങളിലും നേരിടുന്ന വാക്‌സിന്‍ ദൗര്‍ലഭ്യം എന്നിവയെല്ലാമാണ് ഈ വര്‍ഷത്തെ ഹജുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതെന്ന് ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. സൗദിയിലും മുസ്‌ലിം രാജ്യങ്ങളിലും കൊറോണ വ്യാപനത്തിനുള്ള പ്രഭവകേന്ദ്രമായി ഹജ് കര്‍മം മാറരുതെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ് എങ്ങിനെയായിരിക്കുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ, ഹജ് മന്ത്രിമാര്‍ വിശദീകരിക്കും.
സര്‍ക്കാര്‍ തലത്തില്‍ കൊറോണ മഹാമാരി പ്രതികരണത്തില്‍ ലോകത്ത് സൗദി അറേബ്യ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയോടുള്ള സംരംഭകരുടെ പ്രതികരണത്തിലും ലോകത്ത് സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്. പരിസ്ഥിതി ശ്രദ്ധാ സൂചികയില്‍ 167 രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിര സ്ഥാനം കൈവരിക്കാനും മിഡില്‍ ഈസ്റ്റിലും ഉത്തരാഫ്രിക്കയിലും ഒന്നാം സ്ഥാനം കൈവരിക്കാനും സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.