വ്യാജപ്രചാരണം കേട്ട് അമ്പരന്നുപോയി’; കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമെന്ന വാര്‍ത്ത തള്ളി ഗുലാം നബി ആസാദ്
കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഗുലാം നബി ആസാദ്. അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു. സ്ഥാപിത താത്പര്യക്കാരായ ചില നേതാക്കളാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.
തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും തന്നിലുള്ള വിശ്വാസം തകര്‍ക്കുകയും മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ള ലക്ഷ്യമെന്ന് ആസാദ് പിടിഐയോട് പ്രതികരിച്ചു. എന്ത് തെറ്റായ വാര്‍ത്തയും പ്രചരിപ്പിച്ചോട്ടെ തങ്ങള്‍ അതിനെതിരായി ശക്തിയാര്‍ജിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
കോണ്‍ഗ്രസ് വിടുന്നതിന് മുന്‍പ് ഞാന്‍ ആരെയും ചെളി വാരി എറിയാന്‍ ശ്രമിച്ചിട്ടില്ല. എനിക്കെന്താണോ പറയാനുള്ളത് അത് വ്യക്തമായി പറഞ്ഞ് രാജിക്കത്ത് നല്‍കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ സഞ്ചരിക്കുന്നത് എന്റെ വഴിയിലൂടെയാണ്. ആ സമയത്ത് എന്നെ വിശ്വസിച്ച ആളുകളെ സേവിക്കാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്. ഗുലാം നബി ആസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത മാസം കശ്മീരിലെത്തുമ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നായിരുന്നു നടന്നിരുന്ന പ്രചാരണം.