Thursday, January 23, 2025
National

സിബിഎസ്ഇ പരീക്ഷ മെയ് നാല് മുതല്‍ ജൂണ്‍ 10 വരെ; ഫലപ്രഖ്യാപനം ജൂലൈ 15ന്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ സിബിഎസ്‌സി 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. മെയ് നാല് മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ 15 ഓടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു.

കൊവിഡ് സാഹചര്യത്തില്‍ 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ ഓഫ്‌ലൈനായി 2021ല്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എല്ലാ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും വിധേയമായിട്ടായിരിക്കും പരീക്ഷാ നടത്തിപ്പ്. അതേസമയം മാതാപിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീയതി തീരുമാനിച്ചതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പേപ്പറുകള്‍ കൃത്യസമയത്ത് പരിശോധിച്ച് 2021 ജൂലൈ 15 ന് ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ആശങ്കകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയ വിദ്യാഭ്യാസ മന്ത്രി ഒറ്റ പരീക്ഷ പോലും ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തുകയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപനം മൂലമുള്ള മൂന്ന് മാസത്തെ കാലതാമസം കോളജ് പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വിദേശത്ത് തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കാണ് ഇത് തിരിച്ചടിയാവുക. സാധാരണയായി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരിയിലും തിയറി പരീക്ഷകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുകയും മാര്‍ച്ചില്‍ അവസാനിക്കുകയുമാണ് ചെയ്യാറ്. കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ഫെബ്രുവരി വരെ ബോര്‍ഡ് പരീക്ഷ നടത്തുകയില്ലെന്നാണ് പൊഖ്രിയാല്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. ബോര്‍ഡ് പരീക്ഷ തീയതികളില്‍ വ്യക്തതയില്ലാതെ വന്നതോടെ നിരവധി സ്‌കൂളുകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ പ്രീബോര്‍ഡ് പരീക്ഷകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഎസ്ഇ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *