മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ഒരു വർഷത്തിനുള്ളിൽ; കേരളത്തിലും എത്തിയേക്കും
പോപ് ഫ്രാൻസിസ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചിരുന്നു. ഇന്ത്യ സന്ദർശത്തിനിടെ കേരളത്തിലും അദ്ദേഹമെത്തുമെന്ന് ഉറപ്പാണ്. കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളിയാണ് മാർപാപ്പ കേരളത്തിലും എത്തുമെന്ന് അറിയിച്ചത്.
ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുമായി നടന്ന മാർപാപ്പയുടെ കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കുന്നത്.
മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഇതിന് മുമ്പ് ജോൺ പോൾ രണ്ടാമൻ മാത്രമാണ് കേരളത്തിലെത്തിയ മാർപാപ്പ.