Monday, January 6, 2025
National

പിഎം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല: പ്രധാനമന്ത്രിയുടെ ഓഫിസ്

പിഎം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ഡല്‍ഹി ഹൈക്കോടതിയെയാണ് വിവരം അറിയിച്ചത്. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. ഫണ്ടിലേക്ക് വരുന്ന സംഭാവനകളുടെയും ഫണ്ടില്‍ നിന്ന് നല്‍കുന്ന സഹായങ്ങളുടെയും വിവരങ്ങള്‍ പി.എം. കെയേഴ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫണ്ടിലേക്ക് വരുന്ന സംഭാവനകള്‍ ഏതുവിധത്തില്‍ വിനിയോഗിക്കണമെന്ന് മാര്‍ഗരേഖ തയാറാക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദമനുസരിച്ച് പി.എം. കെയേഴ്സ് ഫണ്ടിനെ ‘സ്റ്റേറ്റ്’ അഥവാ സര്‍ക്കാരിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സാമ്യക് ഗാങ്‍വാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നേരിട്ടോ പരോക്ഷമായോ ഒരു നിയന്ത്രണവും അതിലില്ല. പാര്‍ലമെന്റോ നിയമസഭകളോ പാസാക്കിയ നിയമങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഫണ്ട് പ്രവര്‍ത്തിക്കുന്നത്. പൊതുഖജനാവില്‍ നിന്ന് ഒരുരൂപ പോലും ഫണ്ടിലേക്ക് നല്‍കുന്നില്ല. അതുകൊണ്ടുതന്നെ പി.എം. കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അറിയിച്ചു.

ഓഡിറ്റ് റിപ്പോര്‍ട്ടുകളും യഥാസമയം പ്രസിദ്ധീകരിക്കാറുണ്ടെന്നും പി.എം.ഒ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസനിധിയുടെ മാതൃകയിലാണ് പി.എം. കെയേഴ്സ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ദേശീയചിഹ്നവും ‘gov.in’ എന്ന സര്‍ക്കാര്‍ ഡൊമെയ്നും ഉപയോഗിക്കുന്നതെന്നുെം പി.എം.ഒ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *