എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിന്റെ സഹായം വേണം. വാക്‌സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ശക്തമായി മുന്നോട്ടുപോകാൻ സാധിച്ചെന്നും മോദി പറഞ്ഞു
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം വിവിധ വിഷയങ്ങളാൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്‌നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പാർലമെന്റിൽ വിഷയങ്ങളാകും
യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. നാളെയാണ് ബജറ്റ് അവതരണം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഉദാരമായ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.