‘ക്രിക്കറ്റ് കാണാറില്ല, ആളെ തിരിച്ചറിഞ്ഞില്ല’; ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ
അപകടത്തിൽ പെട്ടു കിടക്കുന്ന ഋഷഭ് പന്തിനെ തനിക്ക് മനസിലായില്ലെന്ന് താരത്തിന് പ്രാഥമിക ചികിത്സ നൽകിയ ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാറിൽ നിന്ന് ഗ്ലാസ് തകർത്ത് പുറത്തിറങ്ങിയ പന്തിന് പ്രാഥമിക ചികിത്സ നൽകുകയും ആംബുലൻസിനെ വിളിച്ച് വരുത്തിയതും സുശീൽ മാൻ എന്ന ബസ് ഡ്രൈവറാണെന്ന് എൻഡിടിവി പറയുന്നു. “ഒരു എസ്യുവി അമിത വേഗത്തിൽ വന്ന് ഡിവൈഡറിൽ ഇടിക്കുന്നത് കണ്ടു. ഞാൻ ബസ് വശത്തേക്കിട്ട് ഡിവൈഡറിനരിലേക്ക് ഓടിച്ചെന്നു. ഞാൻ വിചാരിച്ചത് കാർ മലക്കം മറിഞ്ഞ് ബസിലിടിക്കുമെന്ന് കരുതി. കാർ ഡ്രൈവർ ജനാലയുടെ പാതി പുറത്തായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, താൻ ഒരു ക്രിക്കറ്ററാണെന്ന്. തൻ്റെ അമ്മയെ വിളിക്കാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ ഫോൺ ഓഫായിരുന്നു. ഞാൻ ക്രിക്കറ്റ് കാണാറില്ല. ഋഷഭ് പന്ത് ആരെന്ന് എനിക്കറിയില്ല. എന്നാൽ, എൻ്റെ ബസിലെ മറ്റുള്ളവർക്ക് ആളെ മനസിലായി. ഋഷഭിനെ മാറ്റിയതിനു ശേഷം കാറിനുള്ളിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് ഞാൻ നോക്കി. കാറിൽ നിന്ന് 7000-8000 രൂപ അടങ്ങിയ ഒരു ബാഗ് പുറത്തെടുത്ത് ആംബുലൻസിനു കൈമാറി.”- ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.
പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.
ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു