എലിയെ വെള്ളത്തില്‍ മുക്കി കൊന്നു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
എലിയെ മുക്കി കൊന്നതിന് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ബുദുവാനിലുണ്ടായ സംഭവത്തില്‍ എലിയെ കല്ലുകൊണ്ട് കെട്ടിയ ശേഷം അഴുക്കുചാലില്‍ മുക്കിക്കൊല്ലുകയായിരുന്നു.
മൃഗസ്നേഹിയുടെ പരാതിയിന്‍മേലാണ് മനോജ് എന്ന ചെറുപ്പക്കാരനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
മനോജ് എലിയെ മുക്കിക്കൊല്ലുന്നത് തടയാനായി സാമൂഹികപ്രവര്‍ത്തകനായ വികേന്ദ്ര ശര്‍മ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫോണില്‍ എലിയെ കൊല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുമായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും എലി മൃഗങ്ങളുടെ ഗണത്തില്‍ പെടുമോ എന്ന സംശയം നിലനിന്നതിനാല്‍ മനോജിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമുള്ള കേസ് ചുമാത്താനാകുമോ എന്ന ആശങ്ക പൊലീസ് പ്രകടിപ്പിച്ചിരുന്നു. ജില്ലാ വെറ്റിനറി ഓഫീസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതിന് പിന്നാലെ മനോജിനെതിരെ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.