യുപിയിൽ യാത്രക്കാർക്ക് നിസ്കരിക്കാനായി ബസ് നിർത്തിയതിൽ ജോലി നഷ്ടപ്പെട്ടു; യുവാവ് ട്രെയിനിടിച്ച് മരിച്ചനിലയിൽ
ഉത്തർ പ്രദേശിൽ 32 വയസുകാരാനായ ബസ് കണ്ടക്ടർ ട്രെയിനിടിച്ച് മരിച്ച നിലയിൽ. യുപി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ കണ്ടക്ടറായിരുന്ന മോഹിത് യാദവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. യാത്രക്കാർക്ക് നിസ്കരിക്കാനായി ബസ് നിർത്തിയതിൽ ഏകദേശം മൂന്ന് മാസങ്ങൾക്കുമുൻപ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഡൽഹിയിലേക്ക് പോകുന്ന ബസാണ് ഇയാൾ രണ്ട് മുസ്ലിം യാത്രക്കാർക്ക് നിസ്കരിക്കാനായി ബറേലിയിൽ നിർത്തിയത്. ജൂൺ മൂന്നിന് നടന്ന സംഭവത്തിൻ്റെ വിഡിയോ വൈറലായതിനു പിന്നാലെ മോഹിത് യാദവിനെയും ഡ്രൈവർ കെപി സിംഗിനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കെപി സിംഗ് സ്ഥിരജീവനക്കാരനും മോഹിത് താത്കാലിക ജീവനക്കാരനുമായിരുന്നു. ഏതാണ്ട് 10 വർഷത്തോളമായി മോഹിത് യുപിഎസ്ആർടിസിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണ് മോഹിത് ഞായറാഴ്ച വീട്ടിൽ നിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മോഹിതിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തുകയായിരുന്നു. മോഹിതിന് ഭാര്യയും 4 വയസുള്ള മകനുമുണ്ട്.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും ജോലി നഷ്ടപ്പെട്ടതിലുള്ള സാമ്പത്തിക ഞെരുക്കം കാരണമാണ് മോഹിത് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനു മുന്നിൽ ചാടിയാണ് മോഹിത് ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് കാരണമില്ലാതെയാണെന്ന് മോഹിത് കരുതി. മൂത്രമൊഴിക്കാൻ പോകണമെന്ന് ചില യാത്രക്കാർ ആവശ്യപ്പെട്ടതുപ്രകാരമാണ് ബസ് നിർത്തിയത്. ഈ സമയത്ത് രണ്ട് പേർ നിസ്കരിച്ചു. ഈ സംഭവത്തിൻ്റെ വിഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതർ നടപടിയെടുത്തത്. മോഹിതിൽ നിന്നോ ഡ്രൈവറിൽ നിന്നോ അവർ വിശദീകരണം ചോദിച്ചില്ല. മോഹിത് വളരെ വിഷമത്തിലായിരുന്നു. കുടുംബത്തിലെ മുതിർന്ന അംഗമായതിനാൽ കാര്യങ്ങളൊക്കെ മോഹിതാണ് നോക്കിയിരുന്നത്. എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ വിഷാദത്തിലായി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുടുംബം പറയുന്നു.
മൂത്രമൊഴിക്കണമെന്ന ചില യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബസ് നിർത്തിയതെന്ന് ഡ്രൈവറും പറഞ്ഞിരുന്നു. ഈ സമയത്ത് രണ്ട് പേർ റോഡരികിൽ നിസ്കരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.