Friday, January 10, 2025
National

നടപടികൾ പൂർത്തിയാകുന്നു; സിദ്ദിഖ് കാപ്പന്‍റെ ജയില്‍ മോചനത്തില്‍ തീരുമാനം ഉടൻ

ദില്ലി: ഉത്തർപ്രദേശിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇഡി കേസിലെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി. അവസാനഘട്ട നടപടികൾ കൂടി പൂർത്തിയായാൽ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകും.

ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ സുപ്രീംകോടതിയും, ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്. യുപി പൊലീസിന്റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇന്ന് ഇഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെ ജാമ്യ നടപടികൾ അവസാന ഘട്ടത്തിലാണ്. കാപ്പന് വേണ്ടി ജാമ്യം നിൽക്കുന്നവർ നാളെ കോടതിയിലെത്തണം. അവസാന ഘട്ട നടപടികൾ പൂർത്തിയായാൽ റിലീസിങ് ഓർഡർ ലഖ്‌നോ ജയിലിലേക്ക് അയക്കും. ഇതോടെ സിദ്ദിഖ്‌ കാപ്പന് ജയിൽ മോചിതനാകാൻ കഴിയും.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇഡി കേസിലും ജാമ്യം നൽകി. ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചനത്തിന് സാഹചര്യം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *