Sunday, January 5, 2025
National

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ഭരണത്തിലെ ഗവർണറുടെ ഇടപെടലും ചർച്ചയാവും

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്.   ഭരണത്തിലെ ഗവർണറുടെ  ഇടപെടലും മന്ത്രിമാ‍ർക്കും വിസിമാർക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

കോടിയേരി ബാലകൃഷ്ണന് പകരം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോർട്ടും കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്. 

അതേസമയം, ജനങ്ങൾക്ക് ​ഗവർണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഇന്നലെ പറഞ്ഞു. സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു. വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവർണർക്ക് ആണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വിധി അന്തിമമല്ല. പല ബില്ലുകളും ​ഗവർണർ ഒപ്പിടാതെ വെച്ചിരിക്കുകയാണ്. ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കിയാൽ പ്രശ്നം പരിഹരിക്കില്ല. ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രശ്നമല്ല. അതുകൊണ്ടൊന്നും മന്ത്രിയെ ഒഴിവാക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *